മകളുടെ സാമ്പത്തിക ക്രമക്കേടുകളെ പറ്റി മുഖ്യമന്ത്രി മറുപടി പറയണം: കെ സുരേന്ദ്രൻ
- IndiaGlitz, [Friday,August 25 2023]
മാസപ്പടി വിവാദത്തിൽ പുതുപ്പള്ളിയിൽ മുഖ്യമന്ത്രി മറുപടി പറഞ്ഞേ മതിയാകൂ എന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. അഴിമതി ആരോപണങ്ങളിൽ മുഖ്യമന്ത്രിയും, കുടുംബവും, സിപിഎം നേതാക്കളും പൊതു സമൂഹത്തിന് മുന്നിൽ വിവസ്ത്രരായി നിൽക്കുക ആണെന്നും. ഇത്രയും വിദഗ്ധമായ ഉപദേശം വ്യവസായികൾക്ക് നൽകിയിരുന്ന ഭാര്യയെ വീട്ടിലിരുത്തുന്നത് പുരോഗമനം പറയുന്ന റിയാസിന് അപമാനമല്ലേ, മകളുടെ സ്ഥാപനത്തിൻ്റെ സാമ്പത്തിക ക്രമക്കേടുകളെ പറ്റി മുഖ്യമന്ത്രിയും മറുപടി പറഞ്ഞേ തീരൂഎന്ന് സുരേന്ദ്രൻ പറഞ്ഞു.
മുഖ്യമന്ത്രിയുടെ പദവി ഉപയോഗിച്ചു കൊണ്ടാണ് വീണയുടെ കമ്പനി അനധികൃതമായി പണം സമാഹരിച്ചത്. കമ്പനിയുടെ അക്കൗണ്ടിലേക്കും സ്വകാര്യ അക്കൗണ്ടിലേക്കും കോടികളാണ് ഒഴുകിയിരിക്കുന്നത്. ഒരു സ്ഥാപനത്തിൽ നിന്നു മാത്രം 96 കോടി രൂപയുടെ ഇടപാട് മുഖ്യമന്ത്രിയുടെ മകളും പ്രതിപക്ഷ നേതാക്കളും നടത്തിയിട്ടുണ്ടെന്നാണ് ആദായ നികുതി വകുപ്പിൻ്റെ കണ്ടെത്തലെന്നും കെ സുരേന്ദ്രൻ പറഞ്ഞു. ജെഡിടി ഇസ്ലാം, ഐഡിയല്‍ എഡ്യൂക്കേഷനല്‍ സൊസൈറ്റി, ശ്രീകൃഷ്ണ ഹൈടെക് ആന്‍ഡ് മാനേജ്‌മെന്റ സൊല്യൂഷന്‍സ്, സാന്റ മോണിക്ക, റിംസ് ഫൌണ്ടേഷന്‍, അനന്തപുരി എഡ്യൂക്കേഷണല്‍ സൊസൈറ്റി എന്നീ കമ്പനികളില്‍ നിന്നും വീണ മാസപ്പടി കൈപ്പറ്റി എന്ന് സുരേന്ദ്രന്‍ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.