ജസിൻഡ ആർഡേനു പകരം ക്രിസ് ഹിപ്കിൻസ് ന്യൂസീലൻഡ് പ്രധാനമന്ത്രി

  • IndiaGlitz, [Saturday,January 21 2023]

ജസിൻഡ ആർഡേനു പകരം ക്രിസ് ഹിപ്കിൻസ് (44) ന്യൂസീലൻഡ് പ്രധാനമന്ത്രിയാകും. ഞായറാഴ്ച പാർലമെന്റ് ചേർന്ന് ഹിപ്കിൻസിനെ രാജ്യത്തിൻ്റെ 41ാം പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കും. എം.പിയെന്ന നിലയില്‍ എട്ടുമാസം കൂടിയാണ് അദ്ദേഹത്തിന് കാലാവധിയുള്ളത്. നിലവില്‍ പോലീസ് വിദ്യാഭ്യാസ പൊതുസേവന മന്ത്രിയാണ് ഹിപ്കിന്‍സ്. കോവിഡ് പ്രതിസന്ധിക്കാലത്തെ പ്രവര്‍ത്തന മികവു കൊണ്ട് ജനപ്രിയനായി മാറിയ നേതാവാണ് ഹിപ്കിന്‍സ്. സര്‍ക്കാരിൻ്റെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ അദ്ദേഹം കോവിഡിൻ്റെ ചുമതലയുള്ള മന്ത്രിയായാണ് തിരഞ്ഞെടുക്കപ്പെട്ടിരുന്നത് 15 വര്‍ഷമായി ജനപ്രതിനിധിയായ ഹിപ്കിന്‍സ്, മറ്റുള്ള നേതാക്കള്‍ സൃഷ്ടിച്ച പ്രശ്‌നങ്ങള്‍ പരിഹരിക്കുന്ന ഒരു രാഷ്ട്രീയ ട്രബിള്‍ഷൂട്ടര്‍ എന്നാണ് അറിയപ്പെടുന്നത്.

അഞ്ചര വര്‍ഷത്തെ ഭരണത്തിന് ശേഷമാണ് താന്‍ രാജിവെക്കുക ആണെന്ന അപ്രതീക്ഷിത പ്രഖ്യാപനം ജസീന്ത ആര്‍ഡേണ്‍ നടത്തിയത്. ഇനി രാജ്യത്തെ നയിക്കാനില്ലെന്നും വീണ്ടും തിരഞ്ഞെടുപ്പിന് ശ്രമിക്കില്ലെന്നും അവര്‍ പറഞ്ഞു. 2017ല്‍ അധികാരമേറ്റപ്പോള്‍ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായിരുന്നു 37കാരിയായ ജസീന്ത. കൂട്ട വെടിവയ്പ്പും കോവിഡ് പ്രതിസന്ധിയുടെ പ്രാരംഭ ഘട്ടങ്ങളും കൈകാര്യം ചെയ്തതില്‍ ഇവര്‍ ലോകമെമ്പാടും പ്രശംസിക്കപ്പെട്ടിരുന്നു.