'ക്ലിൻ കാര കോനിഡേല'; ചെറുമകളെ പരിചയപ്പെടുത്തി ചിരഞ്ജീവി
- IndiaGlitz, [Saturday,July 01 2023]
തെലുങ്ക് താരം രാം ചരണിൻ്റെയും ഭാര്യ ഉപാസനയുടെയും ആദ്യ കൺമണിയുടെ പേരിടൽ ചടങ്ങ് ആഘോഷമാക്കി ചിരഞ്ജീവി കുടുംബം. കുടുംബത്തോടൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ചാണ് രാം ചരൺ തങ്ങളുടെ കണ്മണിയുടെ പേര് ആരാധകരെ അറിയിച്ചത്. ക്ലിന്‍ കാര എന്ന പേര് ലളിത സഹസ്രനാമത്തില്‍ നിന്നാണ് എടുത്തിരിക്കുന്നത്. ആത്മീയമായ ഉണര്‍വ്വ് സൃഷ്ടിക്കുന്ന, പരിവര്‍ത്തനത്തിനും ശുദ്ധീകരണത്തിനും വഴിതെളിക്കുന്ന ഊര്‍ജ്ജമാണ് ക്ലിന്‍ കാര എന്ന നാമത്തിലൂടെ അര്‍ഥമാക്കുന്നതെന്ന് ചിരഞ്ജീവി ട്വിറ്ററില്‍ കുറിച്ചു.
ചിരഞ്ജീവിയാണ് ചെറുമകളുടെ പേര് ആരാധകരോട് പങ്കുവെച്ചത്. ബന്ധുക്കളും സുഹൃത്തുക്കളും സിനിമ താരങ്ങളും പങ്കെടുക്കുന്ന പേരിടൽ ചടങ്ങ് ആചാര പ്രകാരം ഉപാസനയുടെ അമ്മയുടെ വീട്ടിൽ വച്ചാണ് നടന്നത്. രാം ചരൺ, ഉപാസന ദമ്പതികളുടെ കുഞ്ഞിന് അംബാനി കുടുംബം സ്വർണ തൊട്ടിൽ സമ്മാനമായി നൽകിയത് വാർത്തയായി. ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്നതാണ് സ്വർണ തൊട്ടിലെന്നാണ് റിപ്പോർട്ട്. ജൂണ്‍ 20ന് രാവിലെയാണ് കുഞ്ഞ് പിറന്നത്. ഉപാസനയും കുഞ്ഞും സുഖമായി ഇരിക്കുന്നു. അപ്പോളോ ആശുപത്രിയിലെ എല്ലാ ഡോക്ടര്‍മാരോടും എല്ലാ ജീവനക്കാരോടും താരം നന്ദി പറഞ്ഞിരുന്നു. മുത്തച്ഛൻ ചിരഞ്ജീവി മുതൽ അല്ലു അർജുൻ വരെ ആശുപത്രിയിലെത്തി കുട്ടിയെ സ്വീകരിച്ചിരുന്നു. 'മെഗ പ്രിൻസസ്' എന്നാണ് മെഗസ്റ്റാർ ചിരഞ്ജീവി തൻ്റെ കൊച്ചുമകളെ ആദ്യമായി വിളിച്ചത്.