കേരള ബ്ലാസ്റ്റേഴ്സ് ഫുട്ബാള്‍ ക്ലബ്ബിന് കത്ത് അയച്ച് പൊലീസ് മേധാവി

സുരക്ഷ ഒരുക്കിയതിന് പണം നല്‍കിയില്ലെന്ന് കാണിച്ച് കേരള ബ്ലാസ്റ്റേഴ്സ് ഫുട്ബാള്‍ ക്ലബ്ബിന് സംസ്ഥാന പൊലീസ് മേധാവി കത്ത് അയച്ചു. സുരക്ഷ ഒരുക്കിയതുമായി ബന്ധപ്പെട്ട് 2016 മുതൽ 2019 വരെ മാത്രമായി കേരള പൊലീസിന് ഒരു കോടി മുപ്പത് ലക്ഷം രൂപയിലധികമാണ് കേരള ബ്ലാസ്റ്റേഴ്സ് നല്‍കാനുള്ളത്. കുടിശിക തുകയായ 1,34,20415 രൂപ അടിയന്തരമായി നല്‍കിയില്ലെങ്കില്‍ തുടര്‍ നടപടി സ്വീകരിക്കേണ്ടി വരുമെന്നും കത്തില്‍ പൊലീസ് മേധാവി വ്യക്തമാക്കുന്നുണ്ട്.

കേരള ബ്ലാസ്റ്റേഴ്സ് എഫ് സിയുടെ സി.ഇ.ഒ ക്കാണ് കത്ത് നല്‍കിയത്. എറണാകുളം ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടത്തിയ ഐ.എസ്.എല്‍ ഫുട്ബാള്‍ മത്സരങ്ങളില്‍ സുരക്ഷ ഒരുക്കിയതുമായി ബന്ധപ്പെട്ടുള്ള തുക കുടിശ്ശികയാണെന്ന് വ്യക്തമാക്കിയാണ് സംസ്ഥാന പൊലീസ് മേധാവി കേരള ബ്ലാസ്റ്റേഴ്സ് സി.ഇ.ഒ വിരെന്‍ ഡി സില്‍വക്ക് കത്തയച്ചിരിക്കുന്നത്. കേരള ബ്ലാസ്റ്റേഴ്സിന്‍റെ കൊച്ചിയിലെ ഓരോ മത്സരത്തിനും 650 പൊലീസുകാരുടെ സുരക്ഷയാണ് ഒരുക്കുന്നത്. കഴിഞ്ഞ മത്സരത്തിനു മുൻപും പണം ആവശ്യപ്പെട്ടതായി പോലീസ് പറഞ്ഞു. അതേസമയം കത്തുമായി ബന്ധപ്പെട്ട് കേരള ബ്ലാസ്റ്റേഴ്സ് അധികൃതര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.