മുഖ്യമന്ത്രിയുടെ മുൻ പ്രൈവറ്റ് സെക്രട്ടറി എം ശിവശങ്കർ അറസ്റ്റിൽ
- IndiaGlitz, [Wednesday,February 15 2023]
മുഖ്യമന്ത്രിയുടെ മുൻ പ്രൈവറ്റ് സെക്രട്ടറി എം ശിവശങ്കറിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. ലൈഫ് മിഷന്‍ കരാറുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാട് കേസിലാണ് അറസ്റ്റ്. കൊച്ചിയിൽ മൂന്ന് ദിവസം നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് എം.ശിവശങ്കറിൻ്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. വൈദ്യപരിശോധനയ്ക്ക് ശേഷം ശിവശങ്കറിനെ കോടതിയിൽ ഹാജരാക്കും.
സ്വർണക്കടത്ത് കേസിലെ പ്രതികളായ സ്വപ്നയുടേയും സരിത്തിൻ്റേയും മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റുണ്ടായത്. ലൈഫ്മിഷന്‍ നിര്‍മ്മാണ കരാറുമായി ബന്ധപ്പെട്ട ശിവശങ്കര്‍ കോഴ വാങ്ങിയെന്ന് സ്വപ്‌ന സുരേഷ് മൊഴി നല്‍കിയിരുന്നു. ശിവശങ്കറിൻ്റെ സ്വകാര്യ ചാർട്ടേഡ് അക്കൗണ്ടന്റിൻ്റെയും സ്വപ്നയുടെയും സംയുക്ത ഉടമസ്ഥതയിലുള്ള ബാങ്ക് ലോക്കറിൽ നിന്നും കണ്ടെത്തിയ ഒരു കോടി രൂപ ശിവശങ്കറിനുള്ള കോഴയാണെന്നായിരുന്നു സ്വപ്നയുടെ നിർണായക മൊഴി. സ്വപ്നയുടെ ലോക്കറിനെക്കുറിച്ച് അറിയില്ലെന്നും തനിക്കെതിരെയുള്ള സ്വപ്നയുടെ ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണെന്നും ആണ് ശിവശങ്കര്‍ മൊഴിനല്‍കിയത്.