ഉമ്മൻ ചാണ്ടി അനുസ്മരണത്തിൽ മുഖ്യമന്ത്രി പങ്കെടുക്കും

  • IndiaGlitz, [Monday,July 24 2023]

കെപിസിസി ഇന്ന് സംഘടിപ്പിക്കുന്ന ഉമ്മൻ ചാണ്ടി അനുസ്മരണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കും. ചടങ്ങിൽ മുഖ്യമന്ത്രിയാണ് അനുസ്മരണ പ്രഭാഷണം നടത്തുക. ഇന്ന് വൈകിട്ട് തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ വച്ചാണ് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ അധ്യക്ഷത വഹിക്കുന്ന ഉമ്മൻ ചാണ്ടി അനുസ്മരണ പരിപാടി നടക്കുക. കെപിസിസിയുടെ ക്ഷണം സ്വീകരിച്ചാണ് ചടങ്ങിൽ മുഖ്യമന്ത്രി പങ്കെടുക്കുക.

ഉദ്ഘാടകനായി തീരുമാനിച്ചിരുന്ന മുഖ്യമന്ത്രിയെ പിന്നീട് അനുസ്മരണ പ്രഭാഷകൻ ആക്കുകയായിരുന്നു. അനുസ്മരണ പരിപാടിയിൽ ഉദ്ഘാടനം വേണ്ട എന്ന നിർദേശത്തെ തുടർന്നാണ് തീരുമാനം. ഒരു പാർട്ടി സംഘടിപ്പിക്കുന്ന പരിപാടിയിൽ എതിർ പാർട്ടിയിലെ പ്രധാന നേതാവ് പങ്കെടുക്കുന്നുവെന്ന രാഷ്ട്രീയ പ്രത്യേകത കൂടി ചടങ്ങിനുണ്ടാകും. ഉമ്മൻ ചാണ്ടിയെന്ന ജനകീയ രാഷ്ട്രീയ നേതാവിനെ അനുസ്‌മരിക്കുന്ന പരിപാടിയിൽ കക്ഷി നേതാക്കളെ മാത്രം വിളിക്കാനായിരുന്നു ആദ്യം കെപിസിസി തീരുമാനിച്ചത്. എന്നാൽ മുതിർന്ന നേതാക്കളുടെ ഇടപെടലിലാണ് മുഖ്യമന്ത്രിയെ ക്ഷണിക്കാൻ തീരുമാനിച്ചത്. ഭരണ പ്രതിപക്ഷ പാർട്ടികളിലെ മറ്റു നേതാക്കളും ചടങ്ങിൽ പങ്കെടുക്കും. സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരെയും ചടങ്ങിൽ ക്ഷണിച്ചിട്ടുണ്ട്.