സാമൂഹ്യ പുരോഗതിയിൽ കേരളം കൈവരിച്ച നേട്ടങ്ങൾ മാതൃകാപരം: ക്യൂബൻ പ്രസിഡന്റ്
- IndiaGlitz, [Friday,June 16 2023]
ക്യൂബയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് ക്യൂബന്‍ പ്രസിഡന്റ് മിഗ്വേൽ ഡിയാസ് കനാലുമായി കൂടിക്കാഴ്ച നടത്തി. സാമൂഹ്യ പുരോഗതിയിൽ കേരളം കൈവരിച്ച നേട്ടങ്ങൾ മാതൃകാപരമാണ്. ഡിജിറ്റൽ യൂണിവേഴ്സിറ്റി ഉൾപ്പെടെ സർവകലാശാലകൾ തമ്മിലുള്ള സാങ്കേതിക ആശയവിനിമയവും സ്റ്റുഡന്റ് എക്സ്ചേഞ്ച് പരിപാടികളും ഉൾപ്പെടെ കേരളവുമായി സഹകരിക്കാൻ പറ്റുന്ന മേഖലകളെ സംബന്ധിച്ച് ക്യൂബൻ മന്ത്രിസഭയിൽ ചർച്ച ചെയ്യുമെന്നും പ്രസിഡൻറ് പറഞ്ഞു.
തന്ത്രപ്രധാന മേഖലകളിൽ കേരളവും ക്യൂബയും സഹകരിച്ചു പ്രവർത്തിക്കാൻ ധാരണയായി. കായികം, ആരോഗ്യം, ബയോടെക്നോളജി തുടങ്ങിയ വിവിധ മേഖലകളിൽ കേരളവുമായി സഹകരിച്ച് പ്രവർത്തിക്കുമെന്ന് ക്യൂബൻ പ്രസിഡന്റ് മിഗ്വേൽ ഡിയാസ് കനാൽ പറഞ്ഞു. സമഗ്രവും ഊഷ്മളവും ക്രിയാത്മകവുമായ ബന്ധം വളർത്തി എടുക്കാനാണ് കേരളം ശ്രമിക്കുന്നതെന്ന് പ്രതിനിധി സംഘാംഗങ്ങൾ അറിയിച്ചു. ഇതിന് എല്ലാ സഹകരണവും ക്യൂബൻ പ്രസിഡന്റ് ഉറപ്പു നൽകി. മന്ത്രിമാരായ കെ എൻ ബാലഗോപാൽ, വീണ ജോർജ്, ആസൂത്രണ ബോർഡ് വൈസ് ചെയർമാൻ വി കെ രാമചന്ദ്രൻ, ജോൺ ബ്രിട്ടാസ് എംപി, ചീഫ് സെക്രട്ടറി വി പി ജോയ്, ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി വേണു രാജാമണി, ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.