വിരാട് കോഹ്‌ലിയെ അഭിനന്ദിച്ച് മുഖ്യമന്ത്രി

ശ്രീലങ്കയ്‌ക്കെതിരായ മൂന്നാം ഏകദിന മത്സരത്തിൽ വിജയിച്ച ഇന്ത്യൻ ടീമിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കോഹ്‌ലിയുടെ ചരിത്രപരമായ റെക്കോർഡ് കാണികളുടെ ഹൃദയം കവർന്നുവെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ വിജയം ഇന്ത്യ നേടിയതിനു പിന്നാലെയാണ് മുഖ്യമന്ത്രിയുടെ ആശംസകൾ. മൂന്നാം ഏകദിനം വിജയിച്ച ഇന്ത്യൻ ക്രിക്കറ്റ് ടീമിന് അഭിനന്ദനങ്ങൾ അറിയിച്ചു കൊണ്ട് മുഖ്യമന്ത്രി ഇപ്രകാരം കുറിച്ചു: വിരാട് കോഹ്‌ലി തൻ്റെ സെൻസേഷണൽ ഇന്നിംഗ്സിലൂടെ, തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ തടിച്ചുകൂടിയ ആരാധകരുടെ ഹൃദയം കവർന്നു” ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇതു പങ്കുവച്ചത്.

ശ്രീലങ്കയെ 317ന് റണ്‍സിന് പരാജയപ്പെടുത്തിയതോടെയാണ് ഈ നേട്ടം ഇന്ത്യക്ക് സ്വന്തമായത്. അയര്‍ലന്‍ഡിനെതിരെ ന്യൂസിലന്‍ഡ് നേടിയ 290 റണ്‍സ് വിജയമായിരുന്നു ഏകദിന ക്രിക്കറ്റിലെ ഇതിന് മുമ്പുണ്ടായിട്ടുള്ള ഏറ്റവും മികച്ച വിജയം. കാര്യവട്ടത്തെ വെടിക്കെട്ട് ബാറ്റിങിലൂടെ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കറുടെ റെക്കോര്‍ഡാണ് വിരാട് കോഹ്‌ലി മറികടന്നിരിക്കുന്നത്. 160 ഇന്നിങ്‌സുകളില്‍ നിന്നാണ് സച്ചിന്‍ ഇന്ത്യയില്‍ 20 സെഞ്ചുറിയെന്ന നേട്ടത്തിലെത്തിയതെങ്കില്‍ 101 ഇന്നിങ്‌സിലാണ് കോഹ്‌ലി ഇത് നേടിയിരിക്കുന്നത്. ഇതോടെ ഏകദിന ക്രിക്കറ്റില്‍ ഒരു ടീമിനെതിരേ കൂടുതല്‍ സെഞ്ചുറി നേടുന്ന താരമായും കോഹ്‌ലി മാറിക്കഴിഞ്ഞു.