മുഖ്യമന്ത്രിക്ക് വിദേശ യാത്രയ്ക്ക് അനുമതി
- IndiaGlitz, [Tuesday,May 30 2023]
മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശ യാത്രയ്ക്ക് കേന്ദ്ര സർക്കാർ അനുമതി നൽകി. യുഎസ്, ക്യൂബ എന്നീ രാജ്യങ്ങളിൽ സന്ദർശനത്തിനാണ് കേന്ദ്രം അനുമതി നൽകിയത്. മുഖ്യമന്ത്രിയുടെ യുഎഇ സന്ദർശനത്തിന് നേരത്തെ കേന്ദ്രം അനുമതി നിഷേധിച്ചിരുന്നു. ജൂൺ എട്ട് മുതൽ 18 വരെയാണ് സന്ദർശനം. യുഎസ് യാത്രയില്‍ മുഖ്യമന്ത്രിക്കൊപ്പം സ്പീക്കറും ധനമന്ത്രിയും ചീഫ് സെക്രട്ടറി അടക്കമുള്ള ഉദ്യോഗസ്ഥരും പങ്കെടുക്കും. യുഎസില്‍ ജൂണ്‍ 9, 10, 11 തീയ്യതികളില്‍ ന്യൂയോര്‍ക്ക് ടൈംസ് സ്‌ക്വയറിലെ മാരിയറ്റ് മര്‍ക്വേ ഹോട്ടലിലാണ് ലോക കേരള സഭാ മേഖല സമ്മേളനം നടക്കുന്നത്.
ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട സഹകരണം ശക്തമാക്കുന്നതിന് ക്യൂബ സന്ദര്‍ശനത്തില്‍ മന്ത്രി വീണാ ജോര്‍ജും ഒപ്പം ചേരും. ക്യൂബ സന്ദര്‍ശനത്തില്‍ ആരോഗ്യ മന്ത്രിയെ കൂടാതെ പ്ലാനിങ് ബോര്‍ഡ് വൈസ് ചെയര്‍മാന്‍, ചീഫ് സെക്രട്ടറി, മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി, ആരോഗ്യ സെക്രട്ടറി എന്നിവര്‍ മുഖ്യമന്ത്രിയെ അനുഗമിക്കും. ഇതുവരെയുള്ള വിദേശ യാത്രകൾ കൊണ്ടും ലോക കേരളസഭ ചേരുന്നതും കാരണം കാശ് പോകുകയല്ലാതെ പ്രയോജനമൊന്നുമില്ലെന്ന ആക്ഷേപം യുഡിഎഫ് നേരത്തെ ഉയർത്തിയിരുന്നു.