ചെസ് ലോകകപ്പിലെ കലാശ പോരാട്ടത്തിൻ്റെ ആദ്യ റൗണ്ട് സമനിലയില്‍ കലാശിച്ചു. വെള്ളകരുക്കളുമായി പ്രഗ്നാനന്ദയും കറുപ്പ് കരുക്കളുമായി മാഗ്നസ് കാള്‍സനും വാശിയേറിയ പോരാട്ടമാണ് കാഴ്ചവച്ചത്. ഇഞ്ചോടിച്ച് മുന്നേറിയ ഇരുവരും 35 നീക്കങ്ങള്‍ക്കൊടുവിലാണ് സമനിലയില്‍ പിരിഞ്ഞത്. രണ്ടാം റൗണ്ട് മത്സരം ഇന്ന് നടക്കും. ലോക ഒന്നാം നമ്പര്‍ താരമായ മാഗ്നസ് കാള്സന് ഇന്ന് വെള്ളക്കരുകള് ലഭിക്കും.
ആദ്യ 40 നീക്കങ്ങള്‍ക്കുമായി ഇരുവര്‍ക്കും 90 മിനിട്ട് ലഭിക്കും. ലോക മൂന്നാം നമ്പര്‍ താരം യുഎസിൻ്റെ ഫാബിയാനോ കരുവാനയെ കീഴടക്കി ആണ് പ്രഗ്നാനനന്ദ കലാശ പോരിലെത്തിയത്. ഓരോ നീക്കത്തിനും 30 സെക്കൻഡ് വർധനയോടെ കളിയുടെ ബാക്കി ഭാഗങ്ങളിൽ 30 മിനിറ്റും നൽകും. രണ്ടാം ഗെയിമിൽ ജയിക്കുന്നയാൾ ലോകകപ്പ് സ്വന്തമാക്കും. മത്സരം സമനിലയായാൽ ടൈബ്രേക്കറിലേക്ക് കളി നീളും. വിശ്വനാഥൻ ആനന്ദിനു ശേഷം ആദ്യമായിട്ടാണ് ഇന്ത്യൻ താരം ഫൈനലിൽ കളിക്കുന്നത്. ആനന്ദ് രണ്ട് വട്ടം ചാമ്പ്യനായിട്ടുണ്ട്. 2005-ൽ ലോകകപ്പിൻ്റെ ഫോർമാറ്റ് നോക്കൗട്ട് രീതിയിലേക്ക് മാറിയതിനു ശേഷം ഫൈനലിൽ കളിക്കുന്ന ആദ്യ ഇന്ത്യൻ താരമാണ് 18-കാരനായ പ്രഗ്നാനന്ദ.