ഡൽഹി ക്യാപിറ്റൽസിനെതിരെ ചെന്നൈ സൂപ്പർ കിങ്സിന് 27 റൺസ് ജയം

ഐപിഎൽ നിർണായക മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനെ 27 റൺസിന് തകർത്ത് ധോനിയും സംഘവും വിജയം ആഘോഷിച്ചു. ചെന്നൈ ഉയർത്തിയ 168 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഡ‍ൽഹിയുടെ ഇന്നിങ്സ് നിശ്ചിത 20 ഓവറിൽ എട്ടു വിക്കറ്റിന് 140 റൺസിൽ അവസാനിച്ചു. ആദ്യം ബാറ്റുചെയ്ത ചെന്നൈ നിശ്ചിത ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 167 റൺസെടുത്തു. അവസാന ഓവറുകളിൽ തകർത്തടിച്ച നായകൻ ധോനിയാണ് ചെന്നൈയ്ക്ക് മാന്യമായ സ്കോർ സമ്മാനിച്ചത്.

മനീഷ് പാണ്ഡെ (29 പന്തിൽ 27), റിലേ റൂസോവ് (37 പന്തിൽ 35), അക്സർ പട്ടേൽ (12 പന്തിൽ 21) എന്നിവർ പൊരുതിയെങ്കിലും ടീമിനെ വിജയത്തിൽ എത്തിക്കാനായില്ല. എന്നാൽ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഡൽഹിക്കു മേൽ ദീപക് ചാഹറും മതീഷ പതിരാനയുമടങ്ങുന്ന ചെന്നൈ ബോളിങ് നിര പെയ്തിറങ്ങിയതോടെ ഇന്നിങ്സ് 140 റൺസിൽ ഒതുങ്ങി. സ്കോർ: ചെന്നൈ 8ന് 167, ഡൽഹി 8ന് 140. ചെന്നൈയുടെ രവീന്ദ്ര ജഡേജയാണ് മത്സരത്തിലെ താരം. ആദ്യ ഓവറിലെ രണ്ടാം പന്തിൽ തന്നെ ഓപ്പണറും നായകനുമായ ഡേവിഡ് വാർണറെ റൺസെടുക്കും മുൻപ് ദീപക് ചാഹർ പുറത്താക്കി. മൂന്നാം ഓവറിൽ സാൾട്ടിനെയും മടക്കി ചാഹർ ഡൽഹിയെ തകർത്തു.