ചെന്നൈ സൂപ്പര്‍ കിംഗ്സ് ട്രോഫിയുമായി തിരുപ്പതി ക്ഷേത്രത്തില്‍
- IndiaGlitz, [Wednesday,May 31 2023]
ഐപിഎല്‍ കിരീടം തിരുപ്പതി ക്ഷേത്രത്തിലെത്തിച്ച് പ്രത്യേക പൂജകള്‍ നടത്തി ചെന്നൈ സൂപ്പര്‍ കിങ്സ്. ട്രോഫി വെളുത്ത തുണി കൊണ്ട് മൂടിയാണ് ക്ഷേത്രത്തിലേക്ക് കൊണ്ടു വന്നത്. ട്രോഫിയുമായി ചെന്നൈ ടീം പ്രതിനിധികള്‍ പ്രത്യേക പൂജ നടത്തിയതിൻ്റെ ദൃശ്യങ്ങൾ ഒരു സ്വകാര്യ തമിഴ് ചാനലിലൂടെ പുറത്തു വന്നു. ഐപിഎല്‍ കിരീടവുമായി നില്ക്കുന്ന തിരുപ്പതി ക്ഷേത്രത്തിലെ പൂജാരിമാരുടെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്തിരുന്നു. കിരീടം ക്ഷേത്രത്തിലെത്തിച്ച് പൂജിച്ചതിനെതിരെ സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനവും ഉയരുന്നുണ്ടെങ്കിലും ഒട്ടേറെ പ്രതിസന്ധികള്‍ മറികടന്നാണ് ഇത്തവണ ടീം കിരീടം നേടിയതെന്നും അതിനാലാണ് കിരീടം തിരുപ്പതി ക്ഷേത്രത്തിലെത്തിച്ച് പൂജിച്ചതെന്നുമാണ് ചെന്നൈ ടീം മാനേജെമെന്റിന്റെ വിശദീകരണം.
തിരുമല തിരുപ്പതി ദേവസ്ഥാനം തമിഴ്നാട്, പുതുച്ചേരി ഉപദേശക സമിതി ചെയർമാനായ എ ജെ ശേഖർ റെഡ്ഡി, മുൻ ചെയർമാൻ ശ്രീ കൃഷ്ണ തുടങ്ങിയവർ സിഎസ്കെ പ്രതിനിധികളെ സ്വീകരിച്ചു. പിന്നീട് ട്രോഫി വെങ്കടേശ്വര പ്രതിമയുടെ പാദങ്ങളിൽ സമർപ്പിച്ചു. പിന്നീടായിരുന്നു പ്രത്യേക പൂജകള്‍ നടന്നത്. ഐപിഎല്‍ ഫൈനലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ കീഴടക്കിയാണ് അഞ്ചാം കിരീടം ചെന്നൈ സൂപ്പര്‍ കിംഗ്സ് സ്വന്തമാക്കിയത്. കഴിഞ്ഞ ഐപിഎല്ലില്‍ ഒമ്പതാം സ്ഥാനത്ത് ഫിനിഷ് ചെയ്യേണ്ടിവന്ന ചെന്നൈക്ക് ഇത്തവണ കടുത്ത ആരാധകര്‍ പോലും കിരീട സാധ്യത കല്‍പ്പിച്ചിരുന്നില്ല. എന്നാല്‍ ധോണിയുടെ ക്യാപ്റ്റന്‍സിക്ക് കീഴില്‍ വീണ്ടും തല ഉയര്‍ത്തിയ ചെന്നൈ ലീഗ് റൗണ്ടില്‍ ഗുജറാത്തിന് പിന്നില്‍ രണ്ടാം സ്ഥാനക്കാരായാണ് പ്ലേ ഓഫിലെത്തിയത്.