പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മന് റെക്കോർഡ് ഭൂരിപക്ഷത്തിൻ്റെ ജയം

  • IndiaGlitz, [Friday,September 08 2023]

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തെ തുടർന്ന് നടന്ന പുതുപ്പള്ളി നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന് ചരിത്ര വിജയം. 40,478 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് ചാണ്ടി ഉമ്മന്‍ വിജയം നേടിയത്. ഉമ്മൻ ചാണ്ടിയോടുള്ള വികാരത്തിനപ്പുറം ഭരണ വിരുദ്ധ തരംഗം ആഞ്ഞു വീശിയ തെരഞ്ഞെടുപ്പിൽ, മണ്ഡല ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷമാണ് യുഡിഎഫ് സ്ഥാനാർത്ഥി നേടിയത്. പോൾ ചെയ്ത വോട്ടുകളുടെ 61 ശതമാനവും വാരിക്കൂട്ടിയ ചാണ്ടി ഉമ്മൻ എതിർ സ്ഥാനാർത്ഥി ജെയ്ക് സി തോമസിനെ അക്ഷരാർത്ഥത്തിൽ നിലം പരിശാക്കി. കഴിഞ്ഞ തവണത്തേക്കാൾ 14,726 വോട്ടുകൾ യുഡിഎഫിന് കൂടിയപ്പോൾ എൽഡിഎഫിന് 12,684 വോട്ടുകൾ കുറഞ്ഞു. വെറും 6447 വോട്ടുകൾ മാത്രമാണ് ബിജെപിക്ക് ഈ ഉപ തെരഞ്ഞെടുപ്പിൽ നേടാനായത്.

വിജയം ഉറപ്പിച്ച ചാണ്ടി ഉമ്മൻ, പിതാവ് ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ പ്രാർഥനയ്ക്കായെത്തി. തുടർന്ന് പള്ളിയിലെത്തി പ്രാർത്ഥിച്ചു. ശേഷം മാതാവ് മറിയാമ്മ ഉമ്മനിൽനിന്ന് അനുഗ്രഹം വാങ്ങി. രാവിലെ 8.25ഓടെ വോട്ടെണ്ണൽ ആരംഭിച്ചതു മുതൽ വ്യക്തമായ ലീഡുമായാണ് ചാണ്ടി ഉമ്മൻ മുന്നേറിയത്. 2011 തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന്‍റെ സുജ സൂസന്‍ ജോര്‍ജിനെതിരെ 33255 വോട്ടുകളുടെ ഭൂരിപക്ഷത്തിന് ജയിച്ചതാണ് മത്സരിച്ച 12 തെരഞ്ഞെടുപ്പുകളില്‍ മണ്ഡലത്തില്‍ ഉമ്മന്‍ ചാണ്ടിയുടെ ഉയര്‍ന്ന ഭൂരിപക്ഷം. എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസ് നേരത്തെ 2016 ലും 2021 ലും തിരഞ്ഞെടുപ്പിൽ ഉമ്മന്‍ ചാണ്ടിയെ നേരിട്ടിരുന്നു.