ചന്ദ്രയാൻ 3 വിക്ഷേപണം ഇന്ന്
- IndiaGlitz, [Friday,July 14 2023]
ഇന്ത്യയുടെ ചാന്ദ്ര പര്യവേക്ഷണ പദ്ധതിയായ ചന്ദ്രയാൻ ഇന്ന് അതിൻ്റെ മൂന്നാം ദൗത്യവുമായി കുതിച്ചുയരും. ചന്ദ്രയാൻ 3ൻ്റെ കൗണ്ട് ഡൗൺ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ തുടങ്ങി. പേടകവും വഹിച്ച് ലോഞ്ച് വെഹിക്കിൾ മാർക്ക് 3 റോക്കറ്റ് ഇന്ന് ഉച്ചയ്ക്ക് 2.35ന് വിക്ഷേപണത്തറയിൽ നിന്നു ബഹിരാകാശത്തേക്ക് ഉയരും. ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയുടെ (ഐഎസ്ആർഒ) ചന്ദ്രൻ്റെ ഉപരിതലത്തിൽ റോബോട്ടിക് ലാൻഡറിൻ്റെ സോഫ്റ്റ് ടച്ച് ഡൗൺ നടത്താനുള്ള രണ്ടാമത്തെ ശ്രമത്തിന് ഇതോടെ തുടക്കമാകും. സോഫ്റ്റ് ലാൻഡിങ് വിജയിച്ചാൽ ഈ നേട്ടം കൈവരിക്കുന്ന ലോകത്തിലെ നാലാമത്തെ രാജ്യമായി ഇന്ത്യ മാറും.
2019ൽ തലനാരിഴയ്ക്ക് നഷ്ടപ്പെട്ട ദൗത്യം പഴുതുകളെല്ലാം അടച്ചാണ് ഇക്കുറി ഐഎസ്ആർഒ ചന്ദ്രയാൻ 3നെ ഭ്രമണ പഥത്തിലേക്ക് അയക്കാനൊരുങ്ങുന്നത്. ചന്ദ്രയാൻ മൂന്നിൻ്റെ പ്രധാന വെല്ലുവിളിയും ഇതുതന്നെ. യുഎസും റഷ്യയും ചൈനയും മാത്രം കൈവരിച്ച നേട്ടം ഓഗസ്റ്റിൽ സ്വന്തമാക്കുകയാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. ചിലവ് ചുരുക്കുന്നതിൻ്റെ ഭാഗമായി പുതിയൊരു ഓര്‍ബിറ്റര്‍ ചന്ദ്രയാന്‍ 3 യ്ക്ക് ഇല്ല. പകരം ചന്ദ്രയാന്‍ 2 ഓര്‍ബിറ്റര്‍ തന്നെയാണ് ഉപയോഗിക്കുന്നത്. ഓഗസ്റ്റ് 23, 24 തീയതികളിൽ ലാൻഡറിനെ ചന്ദ്രനിൽ ഇറക്കാനാണ് പദ്ധതി. ദൗത്യത്തിൻ്റെ അവലോകനം പൂർത്തിയായതായും വിക്ഷേപണത്തിന് ബോർഡ് അംഗീകാരം നൽകിയതായും ഐഎസ്ആർഒ അറിയിച്ചു.