ജാതി വിവേചനം കേരളത്തിന് നാണക്കേട്: വി ഡി സതീശൻ

  • IndiaGlitz, [Tuesday,September 19 2023]

ജാതീയ വിവേചന വിഷയം സംബന്ധിച്ച് മന്ത്രി കെ രാധാകൃഷ്ണൻ്റെ വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ക്ഷേത്രം ഏതാണെന്ന് കൂടി മന്ത്രി വ്യക്തമാക്കാനും നടപടി സ്വീകരിക്കാനും തയാറാകണം. ആര്‍ക്കും ഇത്തരമൊരു അനുഭവം ഉണ്ടാകാന്‍ പാടില്ല. വൈക്കം സത്യാഗ്രഹത്തിൻ്റെ നൂറ് വര്‍ഷം ആഘോഷിക്കുന്നതിനിടെ ഇത്തരം സംഭവം ഉണ്ടാകുന്നത് നാണക്കേട് ആണെന്ന് അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ജനുവരി 26 ന് ക്ഷേത്രത്തിൻ്റെ നടപ്പന്തൽ ഉദ്ഘാടനത്തിന് എത്തിയപ്പോൾ ആണ് സംഭവം. പൂജാരിമാർ വിളക്കു കൊളുത്തിയ ശേഷം മന്ത്രിക്ക് കൈമാറാതെ താഴെ വെച്ചതാണ് വിവാദമായത്. താഴെ നിന്ന് വിളക്കെടുത്ത് ദേവസ്വം എക്സിക്യുട്ടിവ് ഓഫിസർ മന്ത്രിക്ക് നൽകി എങ്കിലും മന്ത്രി അത് വാങ്ങാൻ തയാറായില്ല. ഈ സമയത്ത് സിപിഎം നേതാവും സ്ഥലം എംഎൽഎയുമായ ടി ഐ മധുസൂദനൻ, ക്ഷേത്രം ട്രസ്റ്റി ബോർഡ് ചെയർമാനും പ്രാദേശിക സിപിഎം നേതാവുമായ ടി പി സുനിൽകുമാർ, നഗരസഭ ജനപ്രതിനിധികൾ തുടങ്ങിയവർ സ്ഥലത്തുണ്ടായിരുന്നു. അതേസമയം, വിളക്ക് നിലത്ത് വെച്ചത് വിവേചന മനോഭാവത്തിൽ അല്ലെന്നും ആചാരത്തിന്‍റെ ഭാഗമാണെന്നുമാണ് വിഷയവുമായി ബന്ധപ്പെട്ടവർ വ്യക്തമാക്കുന്നത്.