ധ്യാന്‍ ശ്രീനിവാസന്‍ സിനിമയുടെ ലൊക്കേഷനില്‍ വാഹനാപകടം

  • IndiaGlitz, [Saturday,June 10 2023]

ധ്യാന്‍ ശ്രീനിവാസന്‍ നായകനാകുന്ന സ്വർഗ്ഗത്തിലെ കട്ടുറുമ്പ് എന്ന ചിത്രത്തിന്‍റെ തൊടുപുഴയിലെ ചിത്രീകരണ വേളയിൽ വാഹനാപകടം. താരങ്ങൾ സഞ്ചരിച്ച വാഹനം നിയന്ത്രണം തെറ്റി റോഡരികിലുള്ള വൈദ്യുതി പോസ്റ്റിൽ ഇടിക്കുകയായിരുന്നു. നടൻ ചെമ്പിൽ അശോകൻ, ഗൗരി നന്ദ, ചാലി പാല എന്നിവരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. വാഹനത്തിൻ്റെ വേഗത കുറവായത് വൻ ദുരന്തം ഒഴിവാക്കി. ആർക്കും സാരമായ പരിക്കുകളില്ലെന്നാണ് വിവരം. ധ്യാൻ ശ്രീനിവാസനെ നായകനാക്കി ജസ്പാൽ ഷൺമുഖൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് സ്വർ​ഗത്തിലെ കട്ടുറുമ്പ്. എ.ടി.എം, മിത്രം, ചാവേർപ്പട, എൻ്റെ കല്ലുപെൻസിൻ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് ജസ്പാൽ. കെ.എൻ ശിവൻകുട്ടൻ കഥയെഴുതി മൈന ക്രിയേഷൻസ് നിർമിക്കുന്ന ചിത്രമാണിത്.

ചിത്രത്തിൻറെ ഛായാഗ്രഹണം നിർവഹിക്കുന്നത് അശ്വഘോഷനാണ്. ചിത്രത്തിൻറെ സംഗീത സംവിധാനം നിർവഹിക്കുന്നത് ബിജി ബാലാണ്. ഗായത്രി അശോകാണ് ചിത്രത്തിലെ നായിക. കൂടാതെ അപ്പാനി ശരത്, ശ്രീകാന്ത് മുരളി, ജോയ് മാത്യു, ചെമ്പിൽ അശോകൻ, ഗൗരി നന്ദ, അംബിക മോഹൻ, മഹേശ്വരി അമ്മ, പാഷാണം ഷാജി, നിർമ്മൽ പാലാഴി, ഉല്ലാസ് പന്തളം, ജയകൃഷ്ണൻ, ചാലിപാലാ, സുധി കൊല്ലം, കോബ്ര രാജേഷ്, നാരായണൻകുട്ടി, പുന്നപ്ര അപ്പച്ചൻ, രാജേഷ് പറവൂർ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു. ഒരു ഗ്രാമത്തിലെ എം എ, ബിഎഡ് എടുത്ത ജോസ് എന്ന വ്യക്തി ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ അധ്യാപക ജോലിക്കായി കയറുന്നു. ഇയാളുടെ നാട്ടില്‍ നടക്കുന്ന ഒരു സംഭവവികാസം ഒരു ക്രൈം ആയി മാറുന്ന കഥയാണ് സ്വര്‍ഗ്ഗത്തിലെ കട്ടുറുമ്പ്.