ബജറ്റ് 2023:157 നഴ്സിങ് കോളേജുകള്‍,748 ഏകലവ്യ മോഡല്‍ സ്കൂളുകള്‍,30 സ്കില്‍ ഇന്ത്യ ഇന്റര്‍നാഷണല്‍ കേന്ദ്രങ്ങൾ
- IndiaGlitz, [Wednesday,February 01 2023]
അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ 47 ലക്ഷം യുവതീ യുവാക്കള്‍ക്ക് സ്റ്റൈപ്പന്‍ഡ് നല്കുന്ന നാഷണല്‍ അപ്രന്റീഷിപ്പ് പ്രമോഷന് സ്കീം ധനമന്ത്രി നിർമ്മല സീതാരാമൻ പ്രഖ്യാപിച്ചു. രാജ്യത്ത് പുതുതായി 157 നഴ്സിങ് കോളേജുകള്‍ സ്ഥാപിക്കുമെന്നും 2014 മുതല്‍ പ്രവര്‍ത്തനമാരംഭിച്ച 157 മെഡിക്കല്‍ കോളേജുകളോട് അനുബന്ധിച്ചായിരിക്കും ഇത് തുടങ്ങുന്നതെന്നും ധനമന്ത്രി അറിയിച്ചു. ആദിവാസി മേഖലയില്‍ 748 ഏകലവ്യ മോഡല്‍ സ്കൂളുകള്‍ക്കും സ്കൂളുകൾക്കായി 38,800 അധ്യാപകരെയും സപ്പോർട്ട് സ്റ്റാഫിനെയും സർക്കാർ നിയമിക്കുമെന്ന് ധനമന്ത്രി പറഞ്ഞു. കൂടാതെ സ്ത്രീ ക്ഷേമം മുന്‍നിര്‍ത്തി വനിതകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായി മഹിളാ സമ്മാന്‍ സേവിംഗ്സ് പത്ര പദ്ധതിയും ധനമന്ത്രി പ്രഖ്യാപിച്ചു. ഒറ്റത്തവണയായി ചെറിയ തുക സ്ത്രീകള്‍ക്ക് നിക്ഷേപിക്കാവുന്ന പദ്ധതിയാണ് ഇത്. മാര്‍ച്ച് 2025 വരെയുളള രണ്ട് വര്‍ഷ കാലാവധിയാണ് നിക്ഷേപത്തിൻ്റെ സമയപരിധി.
ബജറ്റ് വിശദാംശങ്ങളുടെ അടിസ്ഥാനത്തിൽ 2023-34 വർഷത്തിൽ സ്വർണ്ണം, വെള്ളി, ഡയമണ്ട് എന്നിവയുടെ വില കൂടും. ടിവി, മൊബൈൽ ഫോൺ അടക്കമുള്ളവയുടെ വില കുറയും. കേന്ദ്ര ബജറ്റിൽ ഏഴ് കാര്യങ്ങൾക്കാണ് മുൻഗണന നൽകുന്നതെന്ന് ധനമന്ത്രി അറിയിച്ചു. സുസ്ഥിര വികസനം, വികസനം എല്ലായിടത്തും എത്തിക്കൽ, അടിസ്ഥാന സൗകര്യ വികസന മേഖലയിലെ നിക്ഷേപം, സാദ്ധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തൽ, ഹരിത വികസനം, യുവാക്കളെ ശാക്തീകരിക്കൽ, സാമ്പത്തിക രംഗം എന്നിവയാണ് ഏഴ് മേഖലകൾ. പാൻ കാർഡ് തിരിച്ചറിയൽ കാർഡായി അംഗീകരിക്കപ്പെടുമെന്ന് ബജറ്റിൽ ധനമന്ത്രി പറഞ്ഞു. പ്രധാനമന്ത്രി ആവാസ് യോജനയുടെ ചെലവ് 66% വർധിപ്പിച്ച് 79,000 കോടി രൂപയായി ഉയർത്തുമെന്ന് നിർമ്മല സീതാരാമൻ. രാജ്യത്ത് 50 പുതിയ വിമാനത്താവളങ്ങൾ നിർമിക്കുമെന്നും ധനമന്ത്രി അറിയിച്ചു. മോദി സർക്കാരിൻ്റെ അവസാന സമ്പൂർണ ബജറ്റ് അവതരണമാണിത്.