ബ്രസീലിയന്‍ സൂപ്പർ താരം നെയ്മർ ജൂനിയർ ഔദ്യോഗിക ഫുട്ബോള്‍ മത്സരത്തിനായി ഇന്ത്യയിലെത്തും. 2023-24 എഎഫ്സി ചാമ്പ്യൻസ് ലീഗിൽ അൽ ഹിലാൽ മുംബൈ സിറ്റി എഫ്സി ഒരേ ഗ്രൂപ്പിലാണ്. പൂനയിൽ നടക്കുന്ന മത്സരത്തിൽ ഈ ടീമുകൾ തമ്മിലുള്ള മത്സരത്തിൽ നെയ്മർ കളിക്കുമെന്നാണ് വിവരം.
ഇന്ന് ക്വലാലമ്പൂരിൽ വെച്ച് നടന്ന നറുക്കെടുപ്പിൽ അൽ ഹിലാൽ, എഫ്സി നസ്സാജി മസന്ദ്രൻ എന്നീ ടീമുകൾക്കൊപ്പം ഗ്രൂപ്പ് ഡിയിലാണ് മുംബൈ സിറ്റി തിരഞ്ഞെടുക്കപെട്ടത്. ഗ്രൂപ്പ് ഘട്ടത്തിൽ അൽഹിലാലും മുംബൈയും രണ്ട് മത്സരങ്ങളാണ് കളിക്കുക. എവേ മത്സരങ്ങളിൽ ഒന്ന് ഇന്ത്യയിലും മറ്റൊന്ന് സൗദിഅറേബിയയിലും നടക്കും. സെപ്തംബർ 18 മുതലാണ് മത്സരങ്ങൾ തുടങ്ങുന്നത്. ഗ്രൂപ്പ് ഡിയില്‍ മുംബൈ സിറ്റിക്കും അല്‍ ഹിലാലിനുമൊപ്പം ഇറാനില്‍ നിന്നുള്ള എഫ്സി നസ്സാജി മസാന്‍ദരനും ഉസ്ബെക്കിസ്താന് ക്ലബ് നവ്ബഹോറുമാണ് ഇടംപിടിച്ചിരിക്കുന്നത്. ചാമ്പ്യന്‍സ് ലീഗില്‍ ഏറ്റവും കൂടുതല്‍ വിജയമുള്ള ടീമാണ് നെയ്മറുടെ പുതിയ ക്ലബായ അല്‍ ഹിലാല്‍. പരിക്ക് കാരണം നെയ്മർ ഇതുവരെ ക്ലബില്‍ അരങ്ങേറിയിട്ടില്ല. നെയ്മറുടെ അരങ്ങേറ്റം ഉടനുണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്.