എരിഞ്ഞു തീരാതെ ബ്രഹ്മപുരം, ഉച്ചയ്ക്ക് ഉന്നതതലയോഗം ചേരുമെന്ന് കലക്ടർ
- IndiaGlitz, [Saturday,March 11 2023]
പത്തു ദിവസമായിട്ടും ബ്രഹ്മപുരത്തെ അവസ്ഥയ്ക്ക് മാറ്റമില്ലാതെ തുടരുന്നു. പ്ലാസ്റ്റിക് മല കത്തിയതോടെ കൊച്ചിക്കാര്‍ ശ്വസിക്കുന്നത് ഒക്സിജനു പകരം ഡയോക്‌സിനുകളാണ്. ഏറ്റവും അപകടകാരിയായ രാസ സംയുക്തമാണ് ഈ ഡയോക്‌സിനുകള്‍. ഇത് ജനങ്ങളില്‍ വലിയ തരത്തിലുള്ള ശാരീരിക പ്രശ്നങ്ങളാണ് സൃഷ്ടിക്കുക. ബ്രഹ്മപുരത്ത് തീ പിടിക്കാനുണ്ടായ കാരണങ്ങളും പരിഹാരവും അതില്‍ സ്വീകരിച്ച നടപടികളും ചര്‍ച്ച ചെയ്യുന്നതിനായി ഉച്ചയോടെ ഉന്നതതല യോഗം ചേരുമെന്ന് എറണാകുളം ജില്ലാ കലക്ടര്‍ എന്‍.എസ്.കെ ഉമേഷ് അറിയിച്ചു. ബ്രഹ്‌മപുരത്തേക്കുള്ള മാലിന്യ നീക്കം സുഗമമാക്കുമെന്നും അദ്ദേഹം പറഞ്ഞു. ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിലെ പുക മൂലം വായു മലീനികരണമുണ്ടായ സ്ഥലങ്ങളില്‍ ആരോഗ്യ സര്‍വേ നടത്തും. ദേശീയ ആരോഗ്യ മിഷന് കീഴിലെ ജീവനക്കാരുടെ നേതൃത്വത്തില്‍ ഓരോ വീടുകളിലും കയറി വിവര ശേഖരണം നടത്താനാണ് തീരുമാനമെന്നും അറിയിച്ചു. ബ്രഹ്മപുരം തീ എപ്പോൾ അണയ്ക്കാൻ കഴിയുമെന്ന് പറയാനാകില്ലെന്നാണ് മന്ത്രി പി. രാജീവ് ഇന്നലെ പറഞ്ഞത്. അത്രമാത്രം ഭീകരമാണ് ബ്രഹ്മപുരം പ്ലാന്റിലെ തീപിടുത്തം. ആറടിയോളം താഴ്ചയില്‍ തീ പടര്‍ന്നിട്ടുണ്ട് എന്നാണ് മന്ത്രി പറഞ്ഞത്. ഇതിനോടകം 678 പേരാണ് വിവിധ ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് ചികിത്സ തേടിയത്. ഇതില്‍ 421 പേര്‍ ക്യാമ്പുകളിലാണ് എത്തിയത്. തീ അണയ്ക്കുന്നതിന് രംഗത്തുള്ള 68 പേര്‍ ഉള്‍പ്പെടെയാണിത്.