ബ്രഹ്‌മപുരം അഗ്നിബാധ: എറണാകുളം ജില്ലാ കളക്ടറെ സ്ഥലം മാറ്റി
- IndiaGlitz, [Wednesday,March 08 2023]
എറണാകുളം ജില്ലാ കളക്ടര്‍ രേണു രാജ് ഉൾപ്പെടെ നാല് ജില്ലകളിലെ കളക്ടര്‍മാര്‍ക്ക് സ്ഥലം മാറ്റം. രേണുരാജിനെ വയനാട് ജില്ലാ കളക്ടറായിട്ടാണ് മാറ്റി നിയമിച്ചത്. നിലവില്‍ ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസറായിരുന്ന എൻ.എസ്.കെ.ഉമേഷ് ആണ് പുതിയ എറണാകുളം കളക്ടർ. എറണാകുളം, വയനാട്, തൃശൂർ, കോഴിക്കോട്, ആലപ്പുഴ ജില്ലകളിലെ കളക്ടർമാരെയാണ് മാറ്റിയത്. വയനാട് കളക്ടര്‍ എ.ഗീതയെ കോഴിക്കോട് കളക്ടറായി മാറ്റി നിയമിച്ചു. തൃശ്ശൂര്‍ കളക്ടര്‍ ഹരിത വി കുമാറിനെ ആലപ്പുഴ കളക്ടറായി മാറ്റി നിയമിച്ചു. ആലപ്പുഴ കളക്ടര്‍ വി.ആര്‍.കെ. കൃഷ്ണ തേജയെ തൃശ്ശൂര്‍ കളക്ടറായി നിയമിച്ചു. ബ്രഹ്‌മപുരം മാലിന്യ സംസ്‌കരണ പ്ലാന്റിലെ തീ പിടിത്തം സംബന്ധിച്ച് വിവാദമുയര്‍ന്നിരിക്കുന്ന ഘട്ടത്തിലാണ് എറണാകുളം ജില്ലാ കളക്ടറുടെ സ്ഥലം മാറ്റം. വിഷയത്തില്‍ കളക്ടര്‍ ഹാജരാകാതിരുന്നതിനെ തുടര്‍ന്ന് ഹൈക്കോടതി അതൃപ്തി രേഖപ്പെടുത്തിയിരുന്നു. ഇന്ന് കേസ് പരിഗണിക്കുമ്പോള്‍ നേരിട്ട് എത്തണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇന്നു രാവിലെ സര്‍ക്കാര്‍ സ്ഥലംമാറ്റ ഉത്തരവ് ഇറക്കിയത്.