ബ്രഹ്‌മപുരത്തെ അഗ്നിബാധ: വ്യോമ സേനയുടെ സഹായം തേടുമെന്ന് കളക്ടർ രേണു രാജ്

  • IndiaGlitz, [Saturday,March 04 2023]

ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റ് മേഖലയിൽ പ്ലാസ്റ്റിക് മാലിന്യങ്ങളിലെ അഗ്നിബാധ ഇന്ന് ഉച്ചയോടെ നിയന്ത്രണ വിധേയമായില്ലെങ്കിൽ വ്യോമസേനയുടെ സഹായം തേടുമെന്ന് ജില്ല കളക്ടര്‍ ഡോ. രേണു രാജ് പറഞ്ഞു. കൊച്ചി കോര്‍പറേഷൻ്റെ അഭ്യര്‍ഥനയെ തുടര്‍ന്നാണ് നാവികസേന ഹെലികോപ്ടറില്‍ വെള്ളമെത്തിച്ച് തീ അണക്കാനുള്ള ശ്രമം നടത്തുന്നത്. കഴിഞ്ഞ നാല്‍പ്പത്തിയെട്ട് മണിക്കൂറുകളായി അഗ്‌നിബാധ തുടരുകയാണ്. നാവികസേനയുടെ കൂടുതല്‍ ഹെലികോപ്ടറുകളെത്തി തീയണക്കാനുള്ള ശ്രമം തുടരുകയാണ്. റീജിയണൽ ഫയർ ഓഫീസറുടെ കീഴിൽ കൂടുതൽ ഫയർ ആൻഡ് റെസ്ക്യൂ സേനാംഗങ്ങളെയും നിയോഗിച്ചിട്ടുണ്ട്. ബ്രഹ്മപുരത്തിൻ്റെ പത്ത് കിലോമീറ്റര്‍ ചുറ്റളവില്‍ പൂര്‍ണ്ണമായും പുക പടര്‍ന്നിരിക്കുകയാണ്. രണ്ട് ദിവസം പിന്നിടുമ്പോഴും കൊച്ചി നഗരത്തിൽ പല ഇടങ്ങളിലും പുകയും രൂക്ഷ ഗന്ധവും തുടരുകയാണ്. സ്ഥിതിഗതികൾ വിലയിരുത്തുന്നതിനും പൊതുജനങ്ങൾക്ക് ആവശ്യമായ സേവനങ്ങൾക്കുമായി കോർപ്പറേഷൻ കൺട്രോൾ റൂം ആരംഭിച്ചിട്ടുണ്ട്. ബ്രഹ്മപുരത്തെ സ്ഥിതിഗതികൾ ചർച്ച ചെയ്യുന്നതിന് ഇന്ന് ഉച്ചയ്ക്ക് മൂന്നിന് കലക്ടറേറ്റിൽ ഉന്നതതല യോഗം ചേരും.