'ദ എലിഫന്റ് വിസ്പറേഴ്സ്' സംവിധായികയ്ക്കും നിർമാതാക്കൾക്കും എതിരെ ബൊമ്മനും ബെല്ലിയും

  • IndiaGlitz, [Monday,August 07 2023]

ഓസ്കർ പുരസ്കാരം ലഭിച്ച ദ എലിഫന്റ് വിസ്പറേഴ്സ് എന്ന ചിത്രത്തിൻ്റെ സംവിധായികയ്ക്കും നിർമാതാക്കൾക്കും എതിരെ ​ഗുരുതര ആരോപണങ്ങളുമായി ഈ ചിത്രത്തിലൂടെ പ്രശസ്തരായ ദമ്പതിമാരായ ബൊമ്മനും ബെല്ലിയും. തങ്ങളെ സിനിമയുടെ നിർമാതാക്കൾ സാമ്പത്തികമായി ചൂഷണം ചെയ്യുക ആയിരുന്നെന്ന് അവർ പറഞ്ഞു. ദി എലിഫന്റ് വിസ്പറേഴ്സ് എന്ന ഡോക്യുമെന്ററിയുടെ സംവിധായിക കാർതികി ​ഗോൺസാൽവസ്, നിർമാതാക്കളായ സിഖ്യ എന്റർടെയിൻ മെന്റ്സ് എന്നിവർക്കെതിരെ ​ഗുരുതര ആരോപണങ്ങളാണ് ബൊമ്മനും ബെല്ലിയും ഉന്നയിച്ചത്.

സിനിമയ്ക്കായി ഒരു വിവാഹ രം​ഗം ചിത്രീകരിക്കാന്‍ സ്വന്തം കയ്യിൽ നിന്ന് പണം ചെലവാക്കിയ കഥയും ഇവർ പറഞ്ഞു. ബെല്ലിയുടെ പേരക്കുട്ടിയുടെ പഠനാവശ്യത്തിനായി തങ്ങൾ കരുതിയ പണമാണ് ഡോക്യുമെന്ററി എടുക്കാനായി മുടക്കിയതെന്ന് ദമ്പതിമാർ ആരോപിക്കുന്നു. എന്നാൽ ഓസ്കര്‍ പുരസ്കാര നേട്ടത്തിന് ശേഷം പോലും പ്രതിഫലമായി ഒന്നും ലഭിച്ചില്ല. നിര്‍മ്മാതാക്കള്‍ക്കെതിരെ പൊലീസിനെ സമീപിച്ചെങ്കിലും കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് തങ്ങളെ ഭീഷണിപ്പെടുത്തിയെന്നും ബൊമ്മനും ബെല്ലിയും വെളിപ്പെടുത്തി. തങ്ങൾക്ക് കാർ വാങ്ങി തന്നു, സ്ഥലം വാങ്ങി തന്നു, വീട് കെട്ടി തന്നു, അക്കൗണ്ടിൽ കാശ് ഇട്ടു തന്നു എന്ന് അവർ പറയുന്നതെല്ലാം കള്ളം ആണെന്നും ഓസ്കാർ പ്രതിമയിൽ തൊടാൻ പോലും അവൾ ഞങ്ങളെ അനുവദിച്ചില്ലെന്നും ബൊമ്മനും ബെല്ലിയും പറഞ്ഞു. ഈ ഡോക്യുമെന്ററിക്ക് ശേഷം ഞങ്ങൾക്ക് സമാധാനം നഷ്ടപ്പെട്ടെന്ന് ഇവർ പറയുന്നു.