ഭാരത് ജോ‍ഡോ യാത്ര: കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്ന മുന്നറിപ്പുമായി കേന്ദ്രം

ഭാരത് ജോ‍ഡോ യാത്രയിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കും രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടിനും കത്തയച്ചു. പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കാൻ കഴിയില്ലെങ്കിൽ ആരോഗ്യ അടിയന്തരാവസ്ഥ പരിഗണിച്ച് യാത്ര മാറ്റിവയ്ക്കണമെന്ന് അഭ്യർത്ഥിക്കുന്നുവെന്നും കത്തിൽ പറയുന്നു. കൊവിഡ് നാലാം തരംഗ ഭീഷണിയുടെ പശ്ചാത്തലത്തില്‍ ആണ് രാഹുല്‍ഗാന്ധിയുടെ ഭാരത് ജോഡോ യാത്രക്ക് മുന്നറിയിപ്പുമായി കേന്ദ്ര ആരോഗ്യമന്ത്രി രംഗത്തെത്തിയത്.

ലോകത്താകെ 35 ലക്ഷം കേസുകൾ പ്രതിവാരം റിപ്പോർട്ട് ചെയ്യപ്പെടുന്നു എന്നത് ആശങ്കജനകമാണെന്നും ഇന്ത്യയിൽ പ്രതിവാരം 1200 കേസുകളാണുള്ളതെന്നും കേന്ദ്രം വ്യക്തമാക്കുന്നു. കൊറോണ വൈറസിൻ്റെ പ്രഭാവ കേന്ദ്രമായ ചൈനയിൽ രോഗികളെക്കൊണ്ട് ആശുപത്രികൾ നിറഞ്ഞ അവസ്ഥയാണിപ്പോൾ. കോവിഡ് മരണവും കൂടുന്നുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.