ബ്യൂട്ടിഫുൾ 2 ചിത്രീകരണത്തിന് ഒരുങ്ങുന്നു
- IndiaGlitz, [Thursday,September 07 2023]
അനൂപ് മേനോൻ്റെ തിരക്കഥയിൽ വി.കെ.പ്രകാശ് സംവിധാനം ചെയ്ത്, ജയസൂര്യ നായകനായി അഭിനയിച്ച ബ്യൂട്ടിഫുൾ എന്ന ചിത്രത്തിന് രണ്ടാം ഭാഗം ഒരുങ്ങുന്നു. ബ്യൂട്ടിഫുൾ 2 എന്നു നാമകരണം ചെയ്‌തിരിക്കുന്ന ഈ ചിത്രം വി.കെ.പ്രകാശ് തന്നെയാണ് സംവിധാനം ചെയ്യുന്നത്. അനൂപ് മേനോൻ്റേതാണു തിരക്കഥയും. ചിത്രീകരണം ഉടൻ തന്നെ ആരംഭിക്കും. പുതിയ ചിത്രത്തിൽ ജയസൂര്യ അഭിനയിക്കുന്നില്ലായെന്ന് സംവിധായകൻ വി.കെ.പ്രകാശ് വ്യക്തമാക്കി.
എൻ.എം.ബാദുഷ, ആനന്ദ്കുമാർ, റിജു രാജൻ, എന്നിവരും ബാദുഷ പ്രൊഡക്ഷൻസ് & യെസ് സിനിമാസ് കമ്പനിയുമാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ബ്യൂട്ടിഫുള്ളിൻ്റെ അണിയറ പ്രവർത്തകർ തന്നെയാണ് ഈ ചിത്രത്തിൻ്റെ അണിയറയിലും പ്രവർത്തിക്കുന്നവർ. ഇന്ന് പാൻ ഇന്ത്യൻ ടെക്നിഷ്യന്മാരായി മാറിയ ജോമോൻ ടി ജോണും, മഹേഷ് നാരായണനും തന്നെ ഛായാഗ്രഹണവും എഡിറ്റിംഗും നിർവ്വഹിക്കുന്നു. സംഗീതം രതീഷ് വേഗ. ചിത്രത്തിൻ്റെ താര നിർണ്ണയം നടന്നു വരികയാണ്.