ബൈജൂസിന് പകരം ജേഴ്സി സ്പോണ്‍സര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ച് ബിസിസിഐ

എഡ് ടെക് കമ്പനിയായ ബൈജൂസ് കരാര്‍ അവസാനിപ്പിച്ചതോടെ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ ജഴ്‌സി സ്‌പോണ്‍സര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ച്‌ ബിസിസിഐ. ഇന്ത്യൻ ടീമിന്‍റെ സ്‌പോണ്‍സര്‍മാരായിരുന്ന ബൈജൂസ് കാലാവധി പൂര്‍ത്തിയാക്കി 35 മില്യണ്‍ ഡോളറിന്‍റെ കരാര്‍ അവസാനിപ്പിച്ചതോടെയാണ് ബിസിസിഐ പുതിയ സ്‌പോണ്‍സര്‍മാരെ ക്ഷണിച്ചിട്ടുള്ളത്. മുമ്പില്ലാത്തതു പോലെ കര്‍ശന നിബന്ധനകളോടെ ആണ് ഇത്തവണ ബിസിസിഐ ജേഴ്സി സ്പോണ്‍സര്‍മാരെ ക്ഷണിച്ചിരിക്കുന്നത്.

മദ്യ കമ്പനികള്‍, ബെറ്റിംഗ് സ്ഥാപനങ്ങള്‍, ക്രിപ്റ്റോ കറന്‍സി, പണം ഉപയോഗിച്ചുള്ള ഗെയിംസ് (ഫാന്‍റസി ഗെയിമുകള്‍ക്ക് ബാധകമല്ല), പുകയില കമ്പനികള്‍, പൊതു താല്‍പര്യത്തിന് വിരുദ്ധമായ സ്ഥാപനങ്ങള്‍, പോര്‍ണോഗ്രാഫി, അത്ലറ്റിക്, സ്പോര്‍ട്സ്‌ വെയര്‍ ജേഴ്സി നിര്‍മാതാക്കള്‍ എന്നിവര്‍ക്ക് ബിസിസിഐയുടെ ജേഴ്സി സ്പോണ്‍സര്‍ഷിപ്പിന് അപേക്ഷിക്കാനാവില്ല. കഴിഞ്ഞ മാസം അഡിഡാസിനെ ഇന്ത്യയുടെ കിറ്റ് സ്പോണ്‍സര്‍മാരായി ബിസിസിഐ തെരഞ്ഞെടുത്തിരുന്നു. അഞ്ച് ലക്ഷം രൂപ ഒടുക്കി ജേഴ്സി സ്പോണ്‍സര്‍ഷിപ്പിനുള്ള ടെന്‍ഡറുകള്‍ വാങ്ങാവുന്നതാണ്. ഇത് റീഫണ്ട് ചെയ്യില്ല. ഈ മാസം 26 ആണ് അപേക്ഷകള്‍ വാങ്ങാനുള്ള അവസാന തീയതി. അടുത്ത മാസം നടക്കുന്ന ഇന്ത്യയുടെ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിന് മുന്നോടിയായി പുതിയ ജേഴ്സി സ്പോണ്‍സര്‍മാരെ കണ്ടെത്താന്‍ ബിസിസിഐക്ക് കഴിയുമോ എന്ന കാര്യം സംശയമാണ്.