ബിസിസിഐ ചീഫ് സെലക്‌ടർ ചേതൻ ശർമ്മ രാജിവെച്ചു

ഒളിക്യാമറ ഓപ്പറേഷനിൽ കുടുങ്ങിയ ബിസിസിഐ ചീഫ് സെലക്‌ടർ ചേതൻ ശർമ്മ രാജിവെച്ചു. ബിസിസിഐ സെക്രട്ടറി ജയ് ഷാ ചേതൻ ശർമ്മയുടെ രാജിക്കത്ത് സ്വീകരിച്ചു. ഇതോടെ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയുടെ അവസാന രണ്ട് ടെസ്റ്റുകള്‍ക്കുള്ളതും ഏകദിന പരമ്പരയ്ക്കുള്ളതുമായ ടീം സെലക്ഷന്‍ അനിശ്ചിതത്വത്തിലായി. കഴിഞ്ഞ ദിവസം ഒരു ടിവി ചാനലിൻ്റെ ഒളികാമറ ഓപ്പറേഷനിൽ സെലക്ഷൻ രഹസ്യങ്ങൾ ചേതൻ ശർമ്മ വെളിപ്പെടുത്തിയത് വിവാദമായിരുന്നു. ഇന്ത്യൻ ടീം അംഗങ്ങളുടെ പരിക്കിനെക്കുറിച്ചും വിരാട് കോലി, രോഹിത് ശർമ്മ എന്നിവരെക്കുറിച്ച് നടത്തിയ വെളിപ്പെടുത്തലുകൾ കോളിളക്കം സൃഷ്ടിച്ചിരുന്നു.

ഇന്ത്യൻ ക്രിക്കറ്റ്‌ താരങ്ങളിൽ പലരും പൂർണ കായികക്ഷമത ഇല്ലാതെയാണ്‌ കളിക്കുന്നത്. ടീമിൽ ഇടം കിട്ടാൻ വ്യാജ കായികക്ഷമതാ സർട്ടിഫിക്കറ്റ്‌ തയ്യാറാക്കുന്നു. അതിനായി പ്രത്യേക ഇൻജക്‌ഷനുകൾ എടുക്കുന്നു. അത്‌ വേദന സംഹാരിയല്ല, മറിച്ച് പ്രകടനം മെച്ചപ്പെടുത്താനുള്ളതാണ്‌ എന്നിങ്ങനെയായിരുന്നു ചേതൻ ശർമ്മയുടെ വെളിപ്പെടുത്തലുകൾ. ഇഷാൻ്റെ ഡബിൾ സെഞ്ച്വറി സഞ്ജു അടക്കം മൂന്നു പേരുടെ ഭാവി തകർത്തതായും ചീഫ് സെലക്ടർ പറഞ്ഞിരുന്നു. ടീമിലെ ചില പ്രധാന താരങ്ങൾ പൂർണമായും ഫിറ്റല്ലാതെ കളിക്കാനിറങ്ങുന്നത് പതിവാണെന്ന ചേതൻ ശർമ്മയുടെ ആരോപണമാണ് ഏറെ വിവാദമായത്.