ബിബിസി ഡോക്യുമെന്ററി വിവാദം: ഹർജികൾ ഇന്ന് സുപ്രീംകോടതി പരിഗണിക്കും

  • IndiaGlitz, [Friday,February 03 2023]

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിക്കുന്ന ബിബിസി ഡോക്യുമെന്ററി സമൂഹമാധ്യമങ്ങളിൽ വിലക്കിയ കേന്ദ്ര സർക്കാർ നടപടിക്കെതിരായ രണ്ടു ഹർജികൾ സുപ്രീം കോടതി ഇന്നു പരിഗണിക്കും. ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് സുന്ദരേഷ് എന്നിവർ ഉൾപ്പെടുന്ന ബെഞ്ചാണ് ഹർജികൾ പരിഗണിക്കുന്നത്. മാധ്യമ പ്രവര്‍ത്തകന്‍ എന്‍ റാമും അഭിഭാഷകനായ പ്രശാന്ത് ഭൂഷണും തൃണമൂല്‍ കോണ്‍ഗ്രസ് എം പി മഹ്‌വ മൊയ്ത്രയും ചേര്‍ന്ന് ഫയല്‍ ചെയ്ത ഹര്‍ജിയിലും അഭിഭാഷകനായ എംഎല്‍ ശര്‍മയുടെ ഹര്‍ജിയിലുമാണ് കോടതി വാദം പരിഗണിക്കുന്നത്.

ഡോക്യുമെന്ററി വിലക്കിനെതിരായ ഹര്‍ജികള്‍ നേരത്തെ കേന്ദ്ര നിയമ മന്ത്രി മന്ത്രി കിരണ്‍ റിജിജു വിമര്‍ശനമുന്നയിച്ചിരുന്നു. രാജ്യത്ത് ആയിരക്കണക്കിന് സാധാരണക്കാര്‍ നീതിക്ക് വേണ്ടി കാത്തിരിക്കുക ആണെന്നും കോടതിയുടെ വിലപ്പെട്ട സമയം പാഴാക്കുന്നതാണ് ഇത്തരം ഹര്‍ജികളെന്നായിരുന്നു കേന്ദ്ര മന്ത്രി പറഞ്ഞത്. 2002 ലെ ഗുജറാത്ത് കലാപത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു പങ്കുണ്ടെന്ന് ആരോപിക്കുന്ന ബിബിസിയുടെ ‘ഇന്ത്യ: ദ് മോദി ക്വസ്റ്റ്യൻ’ എന്ന ഡോക്യുമെന്ററിയാണ് സമൂഹമാധ്യമങ്ങളിലും ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളിലും കേന്ദ്രസർക്കാർ വിലക്കിയത്. ഇതിനെതിരായ പ്രതിഷേധമെന്ന നിലയിൽ കേരളത്തിൽ ഉൾപ്പെടെ പ്രതിപക്ഷ യുവജന സംഘടനകളുടെ നേതൃത്വത്തിൽ ഡോക്യുമെന്ററി പ്രദർശിപ്പിച്ചിരുന്നു.