ബി ബി സി ഡോക്യുമെന്ററി വിവാദം: അനില്‍ കെ ആന്റണി പാര്‍ട്ടി പദവികളില്‍ നിന്ന് രാജി വെച്ചു
- IndiaGlitz, [Wednesday,January 25 2023]
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കുറിച്ചുള്ള ബി ബി സി ഡോക്യുമെന്ററിയെ എതിര്‍ത്തതിന് പിന്നാലെ പാര്‍ട്ടി പദവികളില്‍ നിന്ന് രാജി വെച്ച് മുന്‍ പ്രതിരോധ മന്ത്രിയും കേരള മുഖ്യമന്ത്രിയുമായിരുന്ന എ കെ ആന്റണിയുടെ മകൻ അനില്‍ കെ ആന്റണി. കെ പി സി സി മീഡിയ സെല്‍ കണ്‍വീനറായ അനിൽ കെ ആന്റണി, വിമർശനം ഉയർന്നിട്ടും നിലപാട് മാറ്റാൻ തയ്യാറായിരുന്നില്ല. കേന്ദ്രസര്‍ക്കാര്‍ വിലക്കിനെ മറികടന്ന് യൂത്ത് കോണ്‍ഗ്രസ് അടക്കമുള്ള സംഘടനകള്‍ ബി ബി സി ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ച സാഹചര്യത്തിൽ കേന്ദ്രസര്‍ക്കാര്‍ നിലപാടിനെ പിന്തുണച്ചും ബി ബി സി ഡോക്യുമെന്ററിയെ വിമര്‍ശിച്ചും അനില്‍ കെ ആന്റണി രംഗത്ത് വന്നിരുന്നു. കെ പി സി സി അധ്യക്ഷന്‍ കെ സുധാകരനും യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ ഷാഫി പറമ്പിലും സംസ്ഥാന യൂത്ത് കോണ്‍ഗ്രസ് നേതൃത്വവും ഡോക്യുമെൻ്ററി വിവാദത്തിൽ അനിലിനെ തള്ളിപ്പറയുകയും വിമര്‍ശിക്കുകയും ചെയ്തതിന് പിന്നാലെയാണ് അനില്‍ കെ ആന്റണിയുടെ രാജി.
കെ പി.സി.സി ഡിജിറ്റല്‍ മീഡിയ കണ്‍വീനര്‍ സ്ഥാനവും, എ.ഐ.സി.സി സോഷ്യല്‍ മീഡിയ നാഷണല്‍ കോഡിനേറ്റര്‍ സ്ഥാനവും അനിൽ ആന്റണി വഹിച്ചിരുന്നു. അഭിപ്രായ സ്വാതന്ത്ര്യത്തിന് വേണ്ടി വാദിക്കുന്നവരിൽ നിന്ന് കടുത്ത ആക്രമണമാണ് ഉണ്ടായത്. ഒരു ട്വീറ്റിൻ്റെ പേരിൽ പലരും വിളിച്ച് എതിർപ്പ് പറഞ്ഞു. കോൺഗ്രസിന് ഇക്കാര്യത്തിൽ ഇരട്ടത്താപ്പാണ്. ഇത്രയും അസഹിഷ്ണുതയുടെ ആവശ്യമില്ല. വെറുപ്പിനിടയിൽ തുടരാനാകില്ലെന്നും അനിൽ ട്വീറ്റിൽ പറഞ്ഞു കൊണ്ടാണ് രാജി പ്രഖ്യാപിച്ചത്.