ബംഗ്ലാദേശ് ക്രിക്കറ്റ് ടീം ക്യാപ്റ്റൻ തമീം ഇഖ്ബാൽ രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. ഏകദിന ലോകകപ്പിലേക്ക് വെറും മൂന്ന് മാസം ബാക്കിനിൽക്കെയാണ് അവിചാരിതമായി തമീം ഇഖ്ബാൽ വിരമിക്കൽ പ്രഖ്യാപിച്ചത്. അടിയന്തരമായി വാർത്താസമ്മേളനം വിളിച്ചുചേർത്തു കൊണ്ടാണ് തമീം ഇഖ്ബാൽ വിരമിക്കൽ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതാണ് തൻ്റെ അവസാനമെന്നും ബംഗ്ലാദേശിനായി കഴിയാവുന്നതെല്ലാം താൻ ചെയ്തുവെന്നും ബംഗ്ലാദേശ് അന്താരാഷ്ട്ര ക്രിക്കറ്റ് ടീമിൽ നിന്നും താൻ വിരമിക്കുകയാണെന്നും തമീം പ്രസ്സ് കോൺഫ്രൻസിൽ പറഞ്ഞു.
അഫ്ഗാനെതിരായ മത്സരം തോറ്റതിന് പിന്നാലെ ഇന്ന് നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു വികാരഭരിതനായ തമീമിന്‍റെ വിരമിക്കല്‍ പ്രഖ്യാപനം. 34കാരനായ തമീം ബംഗ്ലാദേശ് കണ്ട ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായിരുന്നു. ഇതോടെ 16 വർഷം നീണ്ട രാജ്യാന്തര കരിയറാണ് തമീം അവസാനിപ്പിച്ചത്. 241 ഏകദിന മത്സരങ്ങളിൽ നിന്നായി 8313 റൺസ് നേടിയ തമീം ഈ ഫോർമാറ്റിൽ ബംഗ്ലാദേശിനായി ഏറ്റവുമധികം റൺസ് നേടിയ താരമാണ്. ഏകദിനത്തിൽ ബംഗ്ലാദേശിനായി ഏറ്റവുമധികം സെഞ്ചുറികളും (14) തമീം തന്നെയാണ് നേടിയത്. ഏകദിനത്തിൽ ഏറ്റവുമധികം റൺസ് നേടിയ നിലവിൽ കളിക്കുന്നവരുടെ പട്ടികയിൽ കോലി, രോഹിത് എന്നിവർക്ക് പിന്നിൽ മൂന്നാമതാണ് തമീം. 70 ടെസ്റ്റ് മത്സരങ്ങളിൽ നിന്നായി 7188 റൺസ് നേടിയ താരം ഈ പട്ടികയിൽ രണ്ടാമതാണ്. കഴിഞ്ഞ വർഷം താരം ടി-20കളിൽ നിന്ന് വിരമിച്ചിരുന്നു.