അരുണ്‍ ജയ്റ്റ്ലി സ്റ്റേഡിയത്തില്‍ നടന്ന മല്‍സരത്തില്‍ ശ്രീലങ്കയ്ക്കെതിരെ മൂന്നു വിക്കറ്റിൻ്റെ വിജയം നേടി ബംഗ്ലാദേശ്. 280 റണ്‍സ് വിജയ ലക്ഷ്യം നാല്പത്തിരണ്ടാം ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. 82 റണ്‍സെടുത്ത നായകന് ഷാകിബ് അല്‍ ഹസനും, 90 റണ്‍സ് നേടിയ യുവതാരം നജ്മുല്‍ ഷാന്റോയുമാണ് ബംഗ്ലദേശിനായി തിളങ്ങിയത്. ഷാക്കിബ് 65 പന്തിൽ 12 ഫോറിന്റെയും രണ്ട് സിക്സിൻ്റെയും സഹായത്തോടെ 82 റൺസെടുത്തു.
ഷാന്റോ 101 പന്തുകളിൽ നിന്ന് 12 ഫോറിൻ്റെ അകമ്പടിയോടെ 90 റൺസ് നേടി ടീമിൻ്റെ ടോപ് സ്കോററായി. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക ചരിത് അസലങ്കയുടെ (108) സെഞ്ചുറിയുടെ കരുത്തിലാണ് തരക്കേടില്ലാത്ത സ്കോറിലെത്തിയത്. സദീര സമരവിക്രമ(41), പാതും നിസങ്ക(41), ധനഞ്ജയ ഡിസില്‍വ(34), മഹീഷ തീക്ഷണ(22) എന്നിവരാണ് പൊരുതിയത്. തോല്‍വിയോടെ ഇംഗ്ലണ്ടിനും ബംഗ്ലാദേശിനും ശേഷം സെമി കാണാതെ പുറത്താവുന്ന മൂന്നാമത്തെ ടീമായി ശ്രീലങ്ക മാറുകയും ചെയ്തു. ലോകകപ്പിലെ എട്ട് മത്സരങ്ങളിലെ രണ്ടാം വിജയമാണ് ബംഗ്ലാദേശ് സ്വന്തമാക്കിയത്.