ബാംഗ്ലൂർ ഡേയ്സിൻ്റെ ഹിന്ദി റീമേക്ക് 'യാരിയാൻ 2' ട്രെയിലർ റിലീസായി

  • IndiaGlitz, [Friday,September 29 2023]

അഞ്ജലി മേനോൻ സംവിധാനം ചെയ്ത സൂപ്പർഹിറ്റ് ചിത്രം ബാം​ഗ്ലൂർ ഡേയ്സിൻ്റെ ഹിന്ദി റീമേക്ക് ‘യാരിയാൻ 2' ന്റെ ട്രെയിലർ പുറത്ത്. യഥാർഥ സിനിമയിലെ പ്രമേയത്തിൽ നിന്നും ചില മാറ്റങ്ങൾ വരുത്തിയാണ് ഹിന്ദി റീമേക്കിൽ വരുന്നത്. പാര്‍വതി അവതരിപ്പിച്ച ആര്‍ ജെ സാറ എന്ന കഥാപാത്രത്തെയാണ് അനശ്വര അവതരിപ്പിക്കുന്നത് എന്നാണ് ട്രെയിലർ നൽകുന്ന സൂചന.

ചിത്രത്തിൽ മലയാളി താരങ്ങളായ പ്രിയ പി വാരിയരും അനശ്വര രാജനും പ്രധാന വേഷങ്ങളിൽ എത്തും. ഇവരെ കൂടാതെ ദിവ്യ ഖോസ്‌ല കുമാർ, മീസാൻ ജാഫ്രി, പേൾ വി. പുരി, യാഷ് ദാസ് ഗുപ്ത, വാരിന ഹുസൈൻ എന്നിവരും അഭിനയിക്കുന്നു. അനശ്വര രാജന്റെ ബോളിവുഡ് അരങ്ങേറ്റം കൂടിയാണിത്. രാധിക റാവു, വിനയ് സപ്റു എന്നിവർ ചേർന്ന് ആണ് സംവിധാനം. അതേസമയം 2016ൽ ‘ബാംഗ്ലൂർ നാട്കൾ’ എന്ന പേരിൽ തമിഴിൽ ചിത്രം റീമേക്ക് ചെയ്തിരുന്നു. എന്നാൽ തമിഴില്‍ സിനിമ വലിയ പരാജമായിരുന്നു. ഇത് മുന്നിൽക്കണ്ട് വലിയ മാറ്റങ്ങളോടെയാകും ‘യാരിയാൻ 2’ എത്തുക. അഞ്ജലി മേനോൻ സംവിധാനം ചെയ്ത ബാംഗ്ലൂർ ഡെയ്സിൽ ദുൽഖർ സൽമാൻ, നിവിൻ പോളി, ഫഹദ് ഫാസിൽ, നസ്രിയ എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തിയത്. ചിത്രം തിയറ്ററുകളിൽ വമ്പൻ വിജയം സ്വന്തമാക്കുകയും 50 കോടിക്ക് മുകളിൽ കലക്‌ഷൻ നേടുകയും ചെയ്തിരുന്നു.