ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിൻ്റെ ആദ്യ ഇന്നിങ്‌സില്‍ ഓസ്‌ട്രേലിയ 469 റണ്‍സിന് പുറത്തായി. രണ്ടാം ദിനം 327 റണ്‍സിന് മൂന്ന് വിക്കറ്റ് എന്ന നിലയില്‍ ബാറ്റിങ് ആരംഭിച്ച ഓസീസിന് 142 റണ്‍സെടുത്ത് പുറത്താകുക ആയിരുന്നു. ആദ്യ ദിനം തിളങ്ങിയില്ലെങ്കിലും ഇന്ത്യന്‍ ബൗളര്‍മാര്‍ രണ്ടാം ദിനം ഫോമിലേക്കുയര്‍ന്നു. രണ്ടാം ദിനം സ്റ്റീവ് സ്മിത്തിൻ്റെ സെഞ്ചറിയോടെയാണ് ഓസ്ട്രേലിയ ബാറ്റിങ് തുടങ്ങിയത്. 229 പന്തുകളിൽനിന്നാണ് സ്മിത്ത് സെഞ്ചറി തികച്ചത്. സ്മിത്തിന്റെ 31–ാം ടെസ്റ്റ് സെഞ്ചറിയാണ് ഓവലിൽ ഇന്ത്യയ്ക്കെതിരെ നേടിയത്.
മറുപടി ബാറ്റിങ്ങിനായി ഇറങ്ങിയ രോഹിത് ശർമ 15 റൺസെടുത്ത് പുറത്തായി. പാറ്റ് കമ്മിൻസാണ് വിക്കറ്റെടുത്തത്. ഓസ്ട്രേലിയ ആദ്യ ഇന്നിങ്സിൽ നേടിയ 469 റൺസ് മറികടക്കാനായി ബാറ്റിങ് ആരംഭിച്ച ഇന്ത്യയ്ക്ക് വേണ്ടി രോഹിത് ശർമയും ശുഭ്മാൻ ഗില്ലുമാണ് ഓപ്പൺ ചെയ്തത്. ഇരുവരും ഏകദിന ശൈലിയിലാണ് ബാറ്റുവീശിയത്. 5.5 ഓവറിൽ തന്നെ ഇരുവരും ചേർന്ന് 30 റൺസ് അടിച്ചെടുത്തു. ഇന്ത്യയ്ക്ക് വേണ്ടി മുഹമ്മദ് സിറാജ് നാലുവിക്കറ്റെടുത്തപ്പോൾ മുഹമ്മദ് ഷമി, ശാർദൂൽ ഠാക്കൂർ എന്നിവർ രണ്ട് വിക്കറ്റ് വീതം സ്വന്തമാക്കി. ജഡേജ ഒരു വിക്കറ്റ് വീഴ്ത്തി. ഉമേഷ് യാദവിന് വിക്കറ്റൊന്നും നേടാനായില്ല.