സരിത എസ്.നായരെ കൊല്ലാൻ ശ്രമം, അവശനിലയിൽ ആശുപത്രിയിൽ

  • IndiaGlitz, [Tuesday,February 28 2023]

ഭക്ഷണത്തിൽ രാസവസ്തു ചേർത്ത് കൊല്ലാൻ ശ്രമിച്ചെന്ന് സോളർ കേസ് പ്രതി സരിത എസ്.നായർ. ശാരീരികമായി അവശനിലയിലായ സരിത ഇപ്പോൾ ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിൽ ചികിത്സയിലാണ്. ഭക്ഷണത്തിൽ പലതവണയായി രാസവസ്തു നൽകിയത് മുൻ ഡ്രൈവർ വിനുകുമാറാണ് എന്നാണ് സരിതയുടെ പരാതി. സരിതയുടെ രക്ത സാംപിളുകൾ ക്രൈംബ്രാഞ്ച് ശേഖരിച്ചു. ഡൽഹിയിൽ നാഷനൽ ഫൊറൻസിക് സയൻസ് ലബോറട്ടിയിലേക്ക് പരിശോധനയ്ക്കായി സാംപിളുകൾ അയയ്ക്കും. 2018 മുതൽ കൊലപാതകശ്രമം ആരംഭിച്ചതായി സരിത പറയുന്നു. വിനുകുമാറിനു പുറമേ മറ്റു ചിലർക്കു കൂടി ഇതിൽ പങ്കാളിത്തമുണ്ടെന്നു സംശയിക്കുന്നതായി സരിത പറയുന്നു. സാമ്പത്തിക ലാഭമാണ് വിനുകുമാറിൻ്റയും കൂട്ടാളികളുടെയും ഉദ്ദേശമെന്ന് എഫ്ഐആറിൽ പറയുന്നു. ഐപിസി 307 (കൊലപാതകശ്രമം), 420 (വഞ്ചന), 120 ബി (ഗൂഢാലോചന), 34 (സംഘടിതമായ ഗൂഢാലോചന) വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.