ഇമ്രാൻ ഖാനെ ഭക്ഷണത്തിൽ ഇൻസുലിൻ കലർത്തി കൊല്ലാൻ ശ്രമം
- IndiaGlitz, [Friday,May 12 2023]
മുൻ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ ജയിലിൽ വച്ച് വധിക്കാൻ ശ്രമം. ആഹാരത്തിൽ ഇൻസുലിൻ കലർത്തി ഹൃദയാഘാതം ഉണ്ടാക്കി കൊല്ലാൻ ശ്രമം നടന്നു എന്നാണ് ആരോപണം. കഴിഞ്ഞ ചൊവ്വാഴ്ച മുൻകൂർ ജാമ്യാപേക്ഷ നൽകാൻ ഹാജരായപ്പോഴാണ്, സാമ്പത്തിക കുറ്റങ്ങൾ അന്വേഷിക്കുന്ന നാഷനൽ അക്കൗണ്ടബിലിറ്റി ബ്യൂറോ ഇമ്രാൻ ഖാനെ ഇസ്ലാമാബാദ് ഹൈക്കോടതിയിൽ നിന്ന് അറസ്റ്റ് ചെയ്തത്. അതേസമയം, പാക് സർക്കാർ തന്നെ കസ്റ്റഡിയിൽ ക്രൂരമായി പീഡിപ്പിക്കുന്നതായി ഇമ്രാൻ ഖാൻ കോടതിയിൽ വെളിപ്പെടുത്തിയിരുന്നു.
ജയിലിൽ വെച്ച് തനിക്ക് ഒരു ഇഞ്ചെക്ഷൻ കുത്തിവെച്ചു. മരുന്ന് കുത്തിവെച്ച് കൊലപ്പെടുത്താനാണ് ശ്രമം ഇമ്രാൻ പറഞ്ഞു. കഴിഞ്ഞ 24 മണിക്കൂറായി ശുചിമുറി ഉപയോഗിക്കാൻ പോലും അനുവദിച്ചില്ല. മലിനമായ മുറിയാണ് അനുവദിച്ചത്. കിടക്കാൻ പായയോ തലയണയോ ഇല്ലായിരുന്നു. രാത്രി മുഴുവൻ ഉണർന്നിരിക്കുകയായിരുന്നു എന്ന് ഇമ്രാൻ കോടതിയിൽ പറഞ്ഞു. ഇമ്രാനെ അറസ്റ്റ് ചെയ്ത നടപടി നിയമ വിരുദ്ധമാണെന്നു വിധിച്ച പാക്കിസ്ഥാൻ സുപ്രീം കോടതി, അദ്ദേഹത്തെ ഉടൻ മോചിപ്പിക്കാൻ നിർദേശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് അദ്ദേഹത്തെ വധിക്കാൻ ശ്രമമുണ്ടായെന്ന വെളിപ്പെടുത്തലുമായി അദ്ദേഹത്തിന്റെ അഭിഭാഷകർ എത്തുന്നത്.