അട്ടപ്പാടി മധു വധക്കേസ്: ഏപ്രില്‍ 4ന് വിധി പ്രഖ്യാപിക്കും

  • IndiaGlitz, [Thursday,March 30 2023]

അട്ടപ്പാടിയില്‍ ആള്‍ക്കൂട്ട മർദ്ദനത്തിനിരയായി ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട കേസില്‍ അന്തിമ വിധി പറയൽ ഏപ്രില്‍ 4 ന് നടക്കും. മണ്ണാർക്കാട് പട്ടികജാതി പട്ടികവർഗ്ഗ കോടതിയാണ് വിധി പറയുക. സംഭവം നടന്ന് അഞ്ചു വർഷത്തിന് ശേഷമാണ് കേസിൻ്റെ വാദം പൂർത്തിയായത്. 11 മാസം നീണ്ട സാക്ഷി വിസ്‌താരത്തിന് ശേഷമാണ് കേസ് വിധി പ്രഖ്യാപനത്തിലേക്ക് കടക്കുന്നത്. മുക്കാലി, ആനമൂളി, കള്ളമല പരിസരത്തുള്ള 16 പേരാണ് കേസിലെ പ്രതികള്‍. മൂവായിരത്തിലധികം പേജുള്ള കുറ്റപത്രത്തിൽ 127 സാക്ഷികളാണ് ഉണ്ടായിരുന്നത്. ഇതിൽ മധുവിൻ്റെ ബന്ധുക്കൾ ഉൾപ്പടെ 24 സാക്ഷികൾ വിചാരണക്കിടെ കോടതിയിൽ കൂറുമാറിയിരുന്നു. 77 പേരാണ് പ്രോസിക്യൂഷന് അനുകൂലമായി മൊഴി നൽകിയത്. കൂറുമാറിയ വനം വകുപ്പിലെ താൽക്കാലിക ജീവനക്കാരായ നാലുപേരെ ജോലിയിൽ നിന്നും പിരിച്ചു വിട്ടിരുന്നു. മണ്ണാര്‍ക്കാട് പട്ടികജാതി പട്ടികവര്‍ഗ്ഗ കോടതി ജഡ്ജി കെ.എം.രതീഷ് കുമാറാണ് ഹൈക്കോടതി മേല്‍നോട്ടത്തില്‍ കേസിൻ്റെ വിചാരണ നടപടികള്‍ പൂര്‍ത്തിയാക്കിയത്.