ആതിരയുടെ ആത്മഹത്യ; പ്രതി അരുൺ വിദ്യാധരൻ ആത്മഹത്യ ചെയ്ത നിലയിൽ
- IndiaGlitz, [Thursday,May 04 2023]
സൈബര്‍ അധിക്ഷേപത്തിനിരയായി കോട്ടയം കടുത്തുരുത്തിയില്‍ ആതിര മുരളീധരന്‍ (26) ജീവനൊടുക്കിയ സംഭവത്തില്‍ പ്രതിയായ അരുണ്‍ വിദ്യാധരനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. കാഞ്ഞങ്ങാട് നോര്‍ത്ത് കോട്ടച്ചേരിയിലെ അപ്‌സര ലോഡ്ജിലാണ് പ്രതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മുറിയില്‍ നിന്ന് അരുണിന്റെ തിരിച്ചറിയല്‍ കാര്‍ഡ് കണ്ടെത്തി. രണ്ടാം തീയതിയാണ് അരുണ്‍ ഇവിടെ മുറിയെടുത്തതെന്നാണ് വിവരം.
ലോഡ്ജ് ജീവനക്കാർ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. ഇൻക്വസ്റ്റ് നടപടികൾക്കു ശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. അരുൺ ഞായറാഴ്ചയാണു സമൂഹ മാധ്യമങ്ങളിലൂടെ ആതിരയ്ക്കും കുടുംബത്തിനുമെതിരെ സൈബർ അധിക്ഷേപം നടത്തിയത്. ഞായറാഴ്ച രാത്രി ആതിര കടുത്തുരുത്തി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയ ശേഷം തിങ്കളാഴ്ച പുലർച്ചെ ജീവനൊടുക്കുകയായിരുന്നു. സംഭവത്തിൽ പ്രതി അരുണിനെതിരെ ഇന്നലെ വൈകിട്ട് പൊലീസ് ലുക്ക്ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. സംഭവം നടന്ന് രണ്ട് ദിവസമായിട്ടും പൊലീസിന് പ്രതിയെ പിടികൂടാനായിരുന്നില്ല.