ആസിഫ് അലി-മംമ്ത മോഹൻദാസ് ചിത്രം 'മഹേഷും മാരുതിയും' റിലീസിനൊരുങ്ങുന്നു

  • IndiaGlitz, [Thursday,January 05 2023]

ആസിഫ് അലി, മംമ്ത മോഹൻദാസ് ജോഡികളായി വരുന്ന 'മഹേഷും മാരുതിയും' ഉടൻ തീയറ്ററുകളിലെത്തും. സേതു തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൻ്റെ പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. മണിയൻപിള്ള രാജു പ്രൊഡക്‌ഷൻസിനൊപ്പം വിഎസ്എൽ ഫിലിം ഹൗസും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത 'കഥ തുടരുന്നു' എന്ന ചിത്രത്തിനു ശേഷം ആസിഫ് അലിയും മംമ്താ മോഹന്‍ദാസും ജോഡികളാകുന്ന ചിത്രം കൂടിയാണിത്. 1984 മോഡൽ മാരുതി 800കാർ ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രമായി വരുന്നുണ്ട്. ചിത്രത്തിന് സെൻസർ ബോർഡ് ക്ളീൻ യു സെർട്ടിഫിക്കറ്റാണ് നല്കിയിരിക്കുന്നത്.

മമ്മൂട്ടി നായകനായി അഭിനയിച്ച 'ഒരു കുട്ടനാടന്‍ ബ്ലോഗ്' ആയിരുന്നു സേതു തിരക്കഥ രചിച്ച് സംവിധാനം ചെയ്ത് ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. ഷിജു, ജയകൃഷ്ണന്‍, പ്രേംകുമാര്‍, രചന നാരായണന്‍കുട്ടി തുടങ്ങിയവരും മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നു. ഹരി നാരായണൻ്റെ വരികള്‍ക്ക് കേദാര്‍ ഈണം പകര്‍ന്നിരിക്കുന്നു. കലാസംവിധാനം ത്യാഗു തവനൂര്‍, മേക്കപ്പ് പ്രദീപ് രംഗന്‍, കോസ്റ്റ്യും ഡിസൈന്‍ സ്റ്റെഫി സേവ്യര്‍, നിര്‍മ്മാണ നിര്‍വ്വഹണം അലക്സ് ഇ കുര്യന്‍ എന്നിവർ അണിയറയിൽ പ്രവർത്തിക്കുന്നു.