ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാക്കളെ ആദരിച്ചു
- IndiaGlitz, [Friday,October 20 2023]
ഹാങ്ചൗവില്‍ നടന്ന 19-ാമത് ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ നൂറു മെഡല്‍ നേട്ടത്തിൽ എത്തിച്ച കേരളത്തിൻ്റെ കായിക താരങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാരിൻ്റെ ആദരം. തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലില്‍ സംഘടിപ്പിച്ച വിപുലമായ പരിപാടിയില്‍ മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന മന്ത്രിമാരും ചേര്‍ന്ന് മെഡല്‍ ജേതാക്കളേയും പങ്കെടുത്ത കേരള താരങ്ങളേയും പരിശീലകരേയും ആദരിച്ചു.
നാലു സ്വര്‍ണവും ആറു വെള്ളിയും രണ്ടു വെങ്കലവും ഉള്‍പ്പെടെ രാജ്യത്തിനു വേണ്ടി 12 മെഡലുകളാണ് കേരളത്തിൻ്റെ സ്വന്തം കായിക താരങ്ങള്‍ നേടിയത്. ഇവരെ കൂടാതെ 33 മലയാളികളാണ് ഇന്ത്യയ്ക്കു വേണ്ടി ഇത്തവണ ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുത്തത്. കേരളത്തിൻ്റെ യശസ് ആഗോളതലത്തിൽ ഉയർത്തിവരാണ് ഏഷ്യാഡിലെ മലയാളി താരങ്ങളെന്നും അവരിലൂടെ സംസ്ഥാനത്തിൻ്റെ കായിക രംഗത്തെക്കുറിച്ചു മാത്രമല്ല, നാടിനു മികവു പ്രകടിപ്പിക്കാൻ കഴിയുന്ന എല്ലാ മേഖലകളേയും കുറിച്ചും ലോകം അറിയുകയാണെന്നു ചടങ്ങ് ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിൻ്റെ ബ്രാൻഡ് അംബാസിഡർമാരായി കായികതാരങ്ങൾ മാറുകയാണ് എന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. ചടങ്ങിൽ 10 ഏഷ്യൻ ഗെയിംസ് മെഡൽ ജേതാക്കളും പങ്കെടുത്ത 33 താരങ്ങളും പരിശീലകരും ആദരം സ്വീകരിച്ചു. ചടങ്ങിൽ കായിക വകുപ്പു മന്ത്രി വി. അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു.