ഏഷ്യന്‍ ഗെയിംസ്: ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം പുറത്ത്

ഏഷ്യന്‍ ഗെയിംസ് പ്രീ ക്വാര്‍ട്ടറില്‍ കരുത്തരായ സൗദിയോട് എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെട്ട് ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം പുറത്തായി. ഫിഫ ലോക കപ്പിൽ അർജീന്റനയെ വരെ അട്ടിമറിച്ച സൗദിയോട് ഇന്ത്യ പൊരുതിയെങ്കിലും ഒടുവിൽ തോൽവി സമ്മതിക്കുകയായിരുന്നു. ആദ്യ പകുതിയിലുടനീളം സൗദി ആക്രമണങ്ങളെ ഇന്ത്യന്‍ ടീം തടുത്തെങ്കിലും രണ്ടാം പകുതിയില്‍ ആറു മിനിറ്റിനിടെ രണ്ടു ഗോളുകൾ വീഴ്ത്തി സൗദി മുന്നേറി.

ഫൈനൽ വിസിൽ മുഴുങ്ങുന്നതുവരെ ലീഡ് നിലനിർത്തിയതോടെ ജയം സൗദിക്കൊപ്പം. മുഹമ്മദ് ഖലില്‍ മരാനാണ് സൗദിക്കായി രണ്ടു ഗോളുകളും നേടിയത്. നിരവധി പ്രതിസന്ധികള്‍ക്കിടയില്‍ നിന്നാണ് പരിശീലകന്‍ സ്റ്റിമാച്ച് ടീമിനെ ഹാങ്ചൗവില്‍ ഇറക്കിയത്. ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമുകളെ ഗെയിംസിന് അയക്കേണ്ടെന്ന നിലപാടിലായിരുന്നു കേന്ദ്ര കായിക മന്ത്രാലയം. ദീര്‍ഘ നാളത്തെ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും ഒടുവില്‍ ജൂലായ് 26-നാണ് ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമുകള്‍ക്ക് ഏഷ്യന്‍ ഗെയിംസില്‍ കളിക്കാന്‍ കേന്ദ്ര കായിക മന്ത്രാലയം അനുമതി നല്‍കിയത്.