ഏഷ്യന്‍ ഗെയിംസ്: ഷോട്ട് പുട്ടിൽ ഇന്ത്യയ്ക്ക് സ്വർണം
- IndiaGlitz, [Monday,October 02 2023] Sports News
2023 ഏഷ്യന്‍ ഗെയിംസിൽ ഷോട്ട് പുട്ടിൽ ഇന്ത്യയ്ക്ക് സ്വർണം. പുരുഷന്മാരുടെ ഷോട്ട് പുട്ട് ഇനത്തിൽ തേജിന്ദര്‍ പാല് സിങാണ് സ്വര്‍ണം സ്വന്തമാക്കിയത്. അവസാന ശ്രമത്തിൽ 20.36 മീറ്റർ എറിഞ്ഞാണ് തേജിന്ദര്‍ പാല് സിങ് സ്വർണം സ്വന്തമാക്കിയത്. ഹാങ്ചൗ ഏഷ്യന്‍ ഗെയിംസില്‍ ഇതോടെ ഇന്ത്യയുടെ സ്വര്‍ണ നേട്ടം 13 ആയി. നിലവില്‍ 13 സ്വര്‍ണവും 16 വീതം വെള്ളിയും വെങ്കലവുമടക്കം ഇന്ത്യയുടെ മെഡല്‍ നേട്ടം 45ൽ എത്തി മെഡൽ പട്ടികയിൽ നാലാം സ്ഥാനത്ത് തുടരുകയാണ്.
പുരുഷന്മാരുടെ 3000 മീറ്റര്‍ സ്റ്റീപ്പിള്‍ചേസില്‍ അവിനാഷ് സാബ്ലെ ഗെയിംസ് റെക്കോഡോടെ സ്വര്‍ണം നേടി. എട്ട് മിനിറ്റ് 19.50 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് താരം സ്വര്‍ണമണിഞ്ഞത്. ഏഷ്യന്‍ ഗെയിംസിൻ്റെ എട്ടാം ദിനമായ ഞായറാഴ്ച ഷൂട്ടിങ്ങിലാണ് ഇന്ത്യ തിളങ്ങിയത്. പുരുഷന്മാരുടെ വ്യക്തിഗത ട്രാപ് ഷൂട്ടിങ്ങില്‍ കിയാനന്‍ ഡാറിയസ് ചെനായ് വെങ്കലം നേടി. പുരുഷന്മാരുടെ ട്രാപ് ഷൂട്ടിങ് ടീം ഇനത്തിലും ചെനായ് സ്വര്‍ണം നേടിയിരുന്നു. വനിതാ വിഭാഗത്തില്‍ ഇന്ത്യ വെള്ളി മെഡല്‍ നേടി. വനിതകളുടെ ഗോള്‍ഫില്‍ ഇന്ത്യന്‍ താരം അദിഥി അശോക് വെള്ളി മെഡല്‍ സ്വന്തമാക്കി.