ഏഷ്യൻ ഗെയിംസ് ഫുട്ബോളിന്റെ ആദ്യ മത്സരത്തിൽ ഇന്ത്യൻ ടീം ഇന്ന് ആതിഥേയരായ ചൈനയെ നേരിടും. വൈകുന്നേരം 5 നാണ് മത്സരം തുടങ്ങുക. ആറ് മാസമായി പരിശീലനം നടത്തുന്ന ചൈനയ്ക്കെതിരേ ഗ്രൂപ്പ് എയിലെ ആദ്യ മത്സരത്തിന് ഇന്ത്യ ഇറങ്ങുന്നത് ഒരൊറ്റ ദിവസം പോലും പരിശീലനം നടത്താതെയാണ്. ടീമിനെ അവസാന നിമിഷം തട്ടിക്കൂട്ടേണ്ടി വന്നതിൽ ക്ലബ്ബുകളോടും ഐ എസ് എൽ സംഘാടകരോടും പരസ്യമായി പൊട്ടിത്തെറിച്ചാണ് സ്റ്റിമാച്ച് വിമാനം കയറിയത്.
നല്ല ടീം ഒരുക്കുന്നത് ചിലർ തടസ്സപ്പെടുത്തി. ഇതിലും ഭേദം ഐ ലീഗിലെ കളിക്കാരെ വെച്ച് ടീമുണ്ടാക്കി അവരെ പത്തു മാസം പരിശീലിപ്പിക്കുക ആയിരുന്നു. ചോദിച്ചത് ഒരു മാസത്തെ ക്യാമ്പ്. ഒരു ടീമിനെ കിട്ടിയത് തന്നെ ഭാഗ്യം- സ്റ്റിമാച്ച് പറഞ്ഞു. സമ്മർദത്തിനൊടുവിലാണ് കേന്ദ്ര കായിക മന്ത്രാലയം ഫുട്ബോൾ ടീമിന് യാത്രാനുമതി നൽകിയത്. ഇതിനു പിന്നാലെ ദേശീയ ഫുട്ബോൾ ഫെഡറേഷൻ 22 അംഗ ടീമിൻ്റെ പട്ടിക തയ്യാറാക്കിയെങ്കിലും ഇതിൽ 13 കളിക്കാരെ വിട്ടു കൊടുക്കാൻ ക്ലബ്ബുകൾ തയ്യാറായിരുന്നില്ല. പിന്നീട് സന്ദേശ് ജിംഗനെ വിട്ടുകിട്ടിയത് ടീമിന് ആശ്വാസമായി. മലയാളി താരങ്ങളായ കെ പി രാഹുലും അബ്ദുൽ റബീഹും ടീമിലുണ്ട്. 21ന് ബംഗ്ലാദേശുമായാണ് അടുത്ത കളി. 24ന് മ്യാൻമറിനെയും നേരിടും.