ഏഷ്യാ കപ്പ് സൂപ്പര്‍ ഫോര്‍: പാകിസ്ഥാനെ തകർത്ത് ഇന്ത്യ

ഏഷ്യ കപ്പ് സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ പാകിസ്ഥാനെ തകര്‍ത്ത് ഇന്ത്യക്ക് വമ്പന്‍ ജയം. മഴ കാരണം രണ്ടു ദിവസത്തോളം നീണ്ട മത്സരത്തിന് ഒടുവില്‍ 228 റണ്‍സിൻ്റെ വിജയമാണ് ഇന്ത്യ നേടിയത്. ഇന്ത്യ നേടിയ 357 എന്ന വിജയ ലക്ഷ്യം പിന്തുടര്‍ന്ന പാകിസ്ഥാന്‍ 32 ഓവറില്‍ 128 റണ്‍സിന് ഓള്‍ ഔട്ട് ആയി. ആദ്യം ബാറ്റു ചെയ്ത ഇന്ത്യ പാകിസ്ഥാനെതിരെ 50 ഓവറില്‍ 2 വിക്കറ്റ് നഷ്ടത്തില്‍ 356 എന്ന സ്‌കോര്‍ ഉയര്‍ത്തി.

കോഹ്ലിയുടെയും രാഹുലിൻ്റെയും മികച്ച സെഞ്ച്വറുകള്‍ ആണ് ഇന്ത്യയെ ഇത്ര നല്ല ഒരു സ്‌കോറിലേക്ക് എത്തിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ കെ എല്‍ രാഹുല്‍ (111), വിരാട് കോഹ്ലി (116) എന്നിവരുടെ സെഞ്ചുറി മികവില്‍ നിശ്ചിത ഓവറില്‍ 356 റണ്‍സാണ് എടുത്തത്. അര്‍ദ്ധ സെഞ്ചുറി നേടിയ രോഹിത് ശര്‍മയും (56), ശുഭ്മാന്‍ ഗില്ലും (58) ഇരുവര്‍ക്കും മികച്ച പിന്തുണ നല്‍കി. പാക്കിസ്ഥാനെതിരെ റണ്‍സിന്‍റെ അടിസ്ഥാനത്തില്‍ ഇന്ത്യയുടെ ഏറ്റവും വലിയ ജയമാണിത്. ഹാര്‍ദിക് പാണ്ഡ്യ, ജസ്പ്രിത് ബുംറ, ശാര്‍ദൂല്‍ താക്കൂര്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി. 27 റണ്‍സെടുത്ത ഫഖര്‍ സമനും 23 റണ്‍സ് വീതമെടുത്ത അഗ സല്‍മാനും ഇഫ്തിഖര്‍ അഹമ്മദും 10 റണ്‍സെടുത്ത ബാബര്‍ അസമും മാത്രമാണ് പാക് നിരയില്‍ രണ്ടക്കം കടന്നത്.