ഏഷ്യാ കപ്പ് ക്രിക്കറ്റ്: നേപ്പാളിനെതിരെ ഇന്ത്യയ്ക്ക് 10 വിക്കറ്റ് ജയം

നേപ്പാളിനെതിരായ ഏഷ്യാ കപ്പ് ഗ്രൂപ്പ് മത്സരത്തിൽ ഇന്ത്യക്ക് 10 വിക്കറ്റ് വിക്കറ്റ് ജയം. ഡക്ക്‌വർത്ത് ലൂയിസ് നിയമ പ്രകാരമാണ് ഇന്ത്യയുടെ ജയം. ഇന്ത്യൻ ഇന്നിംഗ്സിൻ്റെ മൂന്നാം ഓവറിൽ മഴ പെയ്തതിനെ തുടർന്ന് 23 ഓവറാക്കി ചുരുക്കിയ മത്സരത്തിലാണ് ഇന്ത്യ അനായാസം ലക്ഷ്യം കണ്ടത്. ഇന്ത്യക്ക് വേണ്ടി രവീന്ദ്ര ജഡേജ, മുഹമ്മദ് സിറാജ് എന്നിവര്‍ മൂന്ന് വീതവും മുഹമ്മദ് ഷമി, ഹാര്‍ദിക് പാണ്ഡ്യ, ശര്‍ദ്ദുല്‍ താക്കൂര്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

നേപ്പാൾ മുന്നോട്ടു വച്ച 231 റൺസ് വിജയ ലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയിറങ്ങിയ ഇന്ത്യ ആദ്യ ഓവർ മെയ്ഡനാക്കിയാണ് തുടങ്ങിയത്. രണ്ടാം ഓവറിൽ മൂന്ന് ബൗണ്ടറിയടിച്ച് ശുഭ്മൻ ഗിൽ ഇന്ത്യക്ക് മികച്ച തുടക്കം നൽകി. സന്ദീപ് ലമിഛാനെ എറിഞ്ഞ ഏഴാം ഓവറിൽ ഒരു ബൗണ്ടറിയും സിക്സറുമടിച്ചതോടെ രോഹിത് ട്രാക്കിലെത്തി. 39 പന്തുകളിൽ താരം ഫിഫ്റ്റി തികച്ചു. ഇതിനിടെ 46 പന്തിൽ ഗിൽ ഫിഫ്റ്റിയിലെത്തി. ഫിഫ്റ്റിക്ക് ശേഷവും ആക്രമണം തുടർന്ന രോഹിത് ഇന്ത്യയെ അനായാസ വിജയത്തിലേക്ക് നയിച്ചു. രോഹിത്താണ് പ്ലെയർ ഓഫ് ദ മാച്ച്. വിജയത്തോടെ ഇന്ത്യ സൂപ്പർ ഫോറിൽ പ്രവേശിച്ചു.