ആരോഗ്യ മന്ഥന്‍ 2023 പുരസ്‌കാരം കേരളത്തിന്
- IndiaGlitz, [Monday,September 25 2023]
രാജ്യത്ത് ഏറ്റവും കൂടുതല്‍ സൗജന്യ ചികിത്സ നല്‍കിയ സംസ്ഥാനത്തിനുള്ള കേന്ദ്ര സര്‍ക്കാരിൻ്റെ ആരോഗ്യ മന്ഥന്‍ 2023 പുരസ്‌കാരം കേരളത്തിന് ലഭിച്ചു. സംസ്ഥാനത്തിൻ്റെ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയാണ് (കാസ്പ്) ഏറ്റവും ഉയര്‍ന്ന സ്‌കീം വിനിയോഗത്തിനുള്ള മികച്ച പ്രകടനം കാഴ്ചവച്ച സംസ്ഥാനത്തിനുള്ള അവാര്‍ഡ് കരസ്ഥമാക്കിയത്. എ.ബി.പി.എം.ജെ.എ.വൈ പദ്ധതി മുഖാന്തിരം രാജ്യത്ത് ‘ഏറ്റവും കൂടുതല്‍ ചികിത്സ നല്‍കിയ സംസ്ഥാനം’, പദ്ധതി ഗുണഭോക്താക്കളായുള്ള കാഴ്ച പരിമിതര്‍ക്കായി പ്രത്യേകം ലഭ്യമാക്കിയ സേവനങ്ങള്‍ക്ക് ‘മികവുറ്റ പ്രവര്‍ത്തനങ്ങള്‍’ എന്നീ രണ്ട് വിഭാഗങ്ങളിലാണ് പുരസ്‌കാരങ്ങള്‍ ലഭിച്ചത്.
ഇതില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ ചികിത്സ നല്‍കിയ സംസ്ഥാനം എന്ന വിഭാഗത്തില്‍ ഈ സര്‍ക്കാരിൻ്റെ കാലത്ത് തുടര്‍ച്ചയായി ഇത് മൂന്നാം തവണയാണ് പുരസ്‌കാരം ലഭിക്കുന്നത്. എല്ലാവർക്കും ആരോഗ്യ പരിരക്ഷ എന്നതാണ് സർക്കാർ നയമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. രോഗത്തിൻ്റെ മുമ്പിൽ ആരും നിസഹായരായി പോകാൻ പാടില്ല. പരമാവധി പേർക്ക് സൗജന്യ ചികിത്സ ലഭ്യമാക്കുക എന്നുള്ളതാണ്. സാമ്പത്തിക പരിമിതികൾക്കിടയിലും പാവപ്പെട്ട രോഗികളുടെ ചികിത്സ ഉറപ്പാക്കാൻ സംസ്ഥാന സർക്കാർ നടത്തുന്ന പരിശ്രമങ്ങൾക്കും പ്രവർത്തനങ്ങൾക്കുമുള്ള അംഗീകാരം കൂടിയാണ് ഈ പുരസ്‌കാരമെന്നും മന്ത്രി പറഞ്ഞു.