ഇന്ത്യൻ ടീമിലേക്കുള്ള ആദ്യ ചുവടു വെപ്പിനൊരുങ്ങി അർജുൻ ടെൻഡുൽക്കർ

ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മകനും യുവ ഓള്‍റൗണ്ടറുമായ അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍ ഇന്ത്യന്‍ ടീമിലേക്കു വന്നേക്കും. സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയുടെ പിന്‍ഗാമിയായിട്ടാവും താരത്തിന്റെ വരവ്. ഹാര്‍ദിക്കിന്റെ പകരക്കാരനെ കണ്ടെത്താനാണ് ബിസിസിഐ ലക്ഷ്യമിടുന്നത്. ഇതിന്റെ ആദ്യ പടിയായി 20 യുവ ഓള്‍റൗണ്ടര്‍മാരുടെ ലിസ്റ്റ് അവര്‍ തയ്യാറാക്കിയിരിക്കുകയാണ്. 20 പേരുള്‍പ്പെട്ട യുവ ഓള്‍റൗണ്ടര്‍മാരുടെ ലിസ്റ്റില്‍ ഏറ്റവും പ്രധാനപ്പെട്ട താരങ്ങളിലൊരാള്‍ ഇടംകയ്യന്‍ മീഡിയം പേസര്‍ കൂടിയായ അര്‍ജുന്‍ ടെണ്ടുല്‍ക്കറാണ്.

20 ദിവസം നീണ്ടുനിൽക്കുന്ന ക്യാംപ് നാഷണൽ ക്രിക്കറ്റ് അക്കാദമിയിലാണ് നടക്കുക. ഫാസ്റ്റ് ബൗളിംഗ് ഓൾ റൗണ്ടർമാരുടെ കുറവ് തന്നെയാണ് ഇത്തരമൊരു ക്യാംപിലേക്ക് ബിസിസിഐയെ നയിച്ചിരിക്കുന്നത്. ഹാർദിക്ക് പാണ്ഡ്യ, ഷാർദുൽ താക്കൂർ എന്നിവരെ ഒഴിച്ചു നിർത്തിയാൽ എടുത്തു പറയാൻ സാധിക്കുന്ന മറ്റൊരു ഫാസ്റ്റ് ബൗളിങ് ഓൾ റൗണ്ടർ ഇന്ത്യയ്ക്കില്ല. ആഭ്യന്തര ക്രിക്കറ്റില്‍ ഗോവയ്ക്കു വേണ്ടിയാണ് അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍ കളിച്ചു കൊണ്ടിരിക്കുന്നത്. നേരത്തേ അദ്ദേഹം മുംബൈ ടീമിനൊപ്പമായിരുന്നു. എന്നാല്‍ അവിടെ വേണ്ടത്ര അവസരങ്ങള്‍ ലഭിക്കാതിരുന്നതോടെ സച്ചിന്റെ ഉപദേശ പ്രകാരം അര്‍ജുന്‍ ഗോവയിലേക്കു തട്ടകം മാറ്റുകയായിരുന്നു.