അരിക്കൊമ്പനെ കണ്ടെത്തി: ദൗത്യം തുടരും
- IndiaGlitz, [Saturday,April 29 2023]
നീണ്ട പതിമൂന്നു മണിക്കൂർ നേരത്തെ തിരച്ചിലിനൊടുവിൽ ചിന്നക്കനാലിനെ വിറപ്പിച്ച അരിക്കൊമ്പനെ ശങ്കര പാണ്ഡ്യമേട്ടിൽ കണ്ടെത്തി. ശങ്കര പാണ്ഡ്യ മേട്ടിൽനിന്ന് കൊമ്പനെ ആനയിറങ്കൽ ഡാം കടത്തി 301 കോളനിയിലെ ദൗത്യമേഖലയിൽ എത്തിക്കാനാണ് ഇനിയുള്ള ശ്രമം. ആനയെ കണ്ടെത്താൻ സാധിക്കാതെ ഇന്നത്തെ ദൗത്യം അവസാനിപ്പിച്ച ശേഷമാണ് അരിക്കൊമ്പനുള്ള സ്ഥലം കണ്ടെത്തിയത്. കഴിഞ്ഞ തവണ ദൗത്യം പ്രഖ്യാപിച്ചപ്പോഴും അരിക്കൊമ്പൻ ശങ്കര പാണ്ഡ്യമേട് മേഖലയിലേക്ക് പോയിരുന്നു.
ട്രാക്കിങ് സംഘം പുലർച്ചെ മുതൽ അരിക്കൊമ്പനെ നിരീക്ഷിക്കും. ഇന്ന് പൂർത്തിയായില്ലെങ്കിൽ ഞായറാഴ്ചയും ദൗത്യം തുടരുമെന്നും ഡിഎഫ്ഒ അറിയിച്ചു. ഇന്നലെ പുലർച്ചെ നാലരയോടെയാണ് വനം വകുപ്പ് അരിക്കൊമ്പൻ ദൗത്യത്തിന് തുടക്കം കുറിച്ചത്. വനം വകുപ്പ് ജീവനക്കാർ, മയക്കുവെടി വിദഗ്ധൻ ഡോ.അരുൺ സക്കറിയയുടെ നേതൃത്വത്തിൽ വെറ്ററിനറി സർജൻമാർ, കുങ്കിയാനകളുടെ പാപ്പാന്മാർ ഉൾപ്പെടെ 150 പേരാണ് ദൗത്യത്തിൽ പങ്കെടുക്കുത്തത്. ഈ മേഖലയിലുള്ള മറ്റു പ്രധാന ആനകളെയെല്ലാം കണ്ടെത്താൻ വനം വകുപ്പിന് സാധിച്ചെങ്കിലും, അരിക്കൊമ്പനെ ഇതുവരെ കണ്ടെത്താനായിരുന്നില്ല.