പരാജയത്തെ തുടർന്നുള്ള വാക്കുതർക്കം; മാനെ സനെയുടെ മുഖത്തടിച്ചു
- IndiaGlitz, [Friday,April 14 2023] Sports News
ബയേണിൻ്റെ സെനഗൽ താരം സാദിയോ മാനേയും ജർമൻ യുവതാരം സനെയും തമ്മിൽ വാക്കേറ്റത്തെ തുടർന്ന് അടിപിടി. സിറ്റിയ്‌ക്കെതിരായ തോല്‍വിയ്ക്കു ശേഷം ബയേണിൻ്റെ മാനെ സഹതാരം സനെയുടെ മുഖത്തടിച്ചു. തല്ലുകൂടിയ ഇരുവരെയും സഹതാരങ്ങൾ പിടിച്ചു മാറ്റുകയായിരുന്നു എന്നാണ് റിപ്പോർട്ട്. മുൻ സിറ്റി താരം കൂടിയായ സനെയെ സെനഗൽ നായകനായ മാനെ മുഖത്തടിച്ചുവെന്ന് ബൈൽഡ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. യുവേഫ ചാമ്പ്യൻസ് ലീഗിലെ മാഞ്ചെസ്റ്റർ സിറ്റിയ്ക്കെതിരായ ആദ്യപാദ ക്വാർട്ടർ ഫൈനൽ മത്സരത്തിന് ശേഷമാണ് ബയേൺ മ്യൂണിക്ക് താരങ്ങളായ ലിറോയ് സാനെയും സാദിയോ മാനെയും പരസ്പരം ഏറ്റുമുട്ടിയത്. സിറ്റിയ്ക്കെതിരായ മത്സരത്തിനിടെ ഗ്രൗണ്ടിൽ വെച്ച് ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായിരുന്നു. അതിൻ്റെ തുടർച്ചയായാണ് ഡ്രസ്സിങ് റൂമിൽ വച്ചു കയ്യേറ്റമുണ്ടായതെന്നാണ് വിവരം. പ്രീ ക്വാര്‍ട്ടര്‍ വരെ തോല്‍വിയറിയാതെ എട്ടില്‍ എട്ട് മത്സരങ്ങളും വിജയിച്ചാണ് ബയേണ്‍ എത്തിഹാദില്‍ ക്വാര്‍ട്ടര്‍ കളിക്കാനെത്തിയത്. എന്നാല്‍ പെപ് ഗെര്‍ഡിയോളയുടെ തന്ത്രങ്ങള്‍ ബയേണിൻ്റെ സ്വാഭവിക കളിയെ പിന്നോട്ടടിപ്പിച്ചതോടെ അവര്‍ 3-0ത്തിൻ്റെ തോല്‍വി വഴങ്ങുകയായിരുന്നു.