ആർക്കും മുഖ്യമന്ത്രിയാകാം: ശശി തരൂരിനെതിരെ വിമർശനം
- IndiaGlitz, [Wednesday,January 11 2023]
മുഖ്യമന്ത്രി ആകാൻ താല്പര്യമുണ്ടെന്നു ശശി തരൂർ മാധ്യമങ്ങളോട് പറഞ്ഞതിനോട് ഹൈബി ഈഡൻ എംപി. പ്രതികരിച്ചു. ആർക്കും മുഖ്യമന്ത്രി സ്ഥാനം ആഗ്രഹിക്കാം, എനിക്കും ആഗ്രഹിച്ചു കൂടെ എന്നും അദ്ദേഹം പ്രതികരിച്ചു. തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളെ തീരുമാനിക്കുന്നത് പാർട്ടിയാണ്. ഇപ്പോൾ അഭിപ്രായം പറയാൻ സമയം ആയില്ലെന്നും ഹൈബി പറഞ്ഞു.
മുഖ്യമന്ത്രി ആകാൻ തയ്യാർ എന്ന ശശി തരൂരിൻ്റെ പരാമർശത്തെ വിമർശിച്ച് എഐസിസി ജനറല്‍ സെക്രട്ടറി താരീഖ് അൻവർ പ്രതികരിച്ചതിങ്ങനെ, മത്സരിക്കുന്ന കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് ഹൈകമാന്‍റാണ്. സ്ഥാനാർഥിത്വം തീരുമാനിക്കാൻ നടപടി ക്രമം ഉണ്ട്. തരൂർ അഭിപ്രായം പറയേണ്ടത് ഹൈക്കമാന്‍റിനോടാണ്. ആർക്കും പദവികൾ ആഗ്രഹിക്കാം. പക്ഷെ പാർട്ടി നടപടി പാലിക്കണം. സംസ്ഥാനത്ത് നേതൃമാറ്റം ഇല്ലെന്നും താരീഖ് അൻവർ വ്യക്തമാക്കി.
സ്ഥാനാർഥിത്വം സംഘടനാപരമായി പാർട്ടിയെടുക്കേണ്ട തീരുമാനമാണ്. സ്വന്തമായി തീരുമാനമെടുക്കുന്നത് ശരിയായ നടപടിയല്ല. പാർട്ടിയിൽ ചർച്ച ചെയ്ത് പാർട്ടിയ്ക്കു വിധേയരായാണ് തീരുമാനങ്ങൾ എടുക്കേണ്ടത്. സ്വയം സ്ഥാനാർഥിത്വം പ്രഖ്യാപിക്കേണ്ട. ഇത്തരം കാര്യങ്ങളിൽ തീരുമാനമെടുക്കേണ്ടത് പാർട്ടി നേതൃത്വമാണ് എന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ കൂട്ടിച്ചേർത്തു.