ആനി രാജയ്‌ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തു
- IndiaGlitz, [Tuesday,July 11 2023]
സിപിഐ നേതാവ് ആനി രാജയ്ക്ക് എതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി കേസെടുത്തു. മണിപ്പൂരിലെ കലാപ ബാധിത പ്രദേശങ്ങൾ സന്ദർശിച്ച ശേഷം മണിപ്പൂരിലേത് സർക്കാർ സ്പോൺസേര്‍ഡ് കലാപം എന്ന് ആരോപിച്ചതിനാണ് കേസ്. ഇംഫാൽ പോലീസ് സ്റ്റേഷനിൽ ആണ് കേസ് രജിസ്റ്റർ ചെയ്തത്. തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനെതിരെ യുദ്ധം ചെയ്യാൻ ജനങ്ങളെ പ്രേരിപ്പിച്ച് സർക്കാരിനെ അട്ടിമറിക്കാനാണു ശ്രമമെന്നാണു പരാതിയിൽ പറയുന്നത്.
കലാപ മേഖലകൾ സന്ദർശിക്കുകയും കലാപത്തിന് എണ്ണ പകരുന്ന രീതിയിൽ പരാമർശം നടത്തുകയും ചെയ്തുവെന്നും ഇംഫാൽ പൊലീസ് പറയുന്നു. ആനി രാജയ്ക്ക് പുറമെ ദേശീയ വനിതാ ഫെഡറേഷന്റെ മറ്റ് രണ്ട് നേതാക്കൾക്ക് എതിരെയും കേസെടുത്തിട്ടുണ്ട്. ജാമ്യം ലഭിക്കാത്ത വകുപ്പ് ഉൾപ്പടെ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. മണിപ്പുർ വിഷയത്തിൽ ഇടപെടാതിരിക്കുന്ന സർക്കാറിൻ്റെ പരാജയം തുറന്നുകാട്ടിയതാണ് കേസെടുക്കുന്നതിലേക്ക് വഴിവെച്ചത്. കേസെടുത്തതു കൊണ്ട് പ്രസ്താവനകളിൽ നിന്ന് പിന്നാക്കം പോകില്ലെന്ന് ആനി രാജ പറഞ്ഞു. കേസിൽ അത്ഭുതമൊന്നുമില്ല. വിഷയത്തെ നിയമപരമായും രാഷ്ട്രീയമായും നേരിടും. കേന്ദ്ര സർക്കാർ കൂടി പങ്കാളിയായ രഹസ്യ അജണ്ട മണിപ്പൂരിൽ നടപ്പാക്കപ്പെടുന്നു എന്നും അവർ ആരോപിച്ചു.