മുഖ്യമന്ത്രിക്കെതിരായ രേഖകൾ അനിൽ അക്കര സിബിഐക്ക് കൈമാറി
- IndiaGlitz, [Friday,March 17 2023]
ലൈഫ്മിഷൻ വടക്കാഞ്ചേരി ഫ്ളാറ്റ് തട്ടിപ്പ് കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ്റെ പങ്ക് തെളിയിക്കുന്ന രേഖകൾ മുൻ എംഎൽഎയും കോൺഗ്രസ് നേതാവുമായ അനിൽ അക്കര സിബിഐക്ക് കൈമാറി. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗമാണ് വടക്കാഞ്ചേരിയിൽ ഫ്ളാറ്റ് നിർമ്മിക്കുന്നതിനുള്ള ധാരണാപത്രം ഒപ്പിട്ടതെന്ന് അനിൽ അക്കര അപേക്ഷയിൽ ചൂണ്ടിക്കാട്ടി. ധാരണാപത്രം എഫ്സിആർഎ ചട്ടലംഘനമാണ്. എഫ്സിആർഎ നിയമ ലംഘനത്തിന് പുറമെ അഴിമതി നിരോധന നിയമത്തിലെ വകുപ്പുകൾ ചുമത്തിയും മുഖ്യമന്ത്രിക്കെതിരെ കേസെടുക്കണമെന്നാണ് അനിൽ അക്കരയുടെ ആവശ്യം. ഈജിപ്ഷ്യൻ പൗരൻ ഖാലിദ് കടത്തിയ ഡോളർ മുഖ്യമന്ത്രിക്ക് ലഭിച്ച അഴിമതി പണം ആണെന്നും വിദേശ നാണയ വിനിമയ ചട്ടത്തിന് പുറമെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്നും മുഖ്യമന്ത്രിയെ ചോദ്യം ചെയ്ത് തെളിവുകൾ ശേഖരിച്ചു സുപ്രീം കോടതിയിൽ റിപ്പോർട് സമർപ്പിക്കണം എന്നീ ആവശ്യങ്ങളും അനിൽ അക്കര പരാതിയിൽ ഉന്നയിച്ചിട്ടുണ്ട്. ഇതിനുമുമ്പ് ലൈഫ് മിഷൻ കേസിൽ മുഖ്യമന്ത്രിയെ പ്രതിരോധത്തിലാക്കുന്ന തെളിവുകൾ വാർത്താസമ്മേളനത്തിൽ അനിൽ അക്കര പുറത്തുവിട്ടിരുന്നു.